മലപ്പുറം: പി വി അൻവറിന്‍റെ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പ്രഖ്യാപിച്ചു. മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ പിവി അൻവർ എം എൽ എയുടെ സാന്നിധ്യത്തിലാണ് പാർട്ടിയുടെ നയപ്രഖ്യാപനം നടത്തിയത്. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവർത്തിക്കുക. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്നും ഡി എം കെയും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണമെന്ന് അൻവറിന്‍റെ സംഘടന ആവശ്യപ്പെടുന്നു. സ്കൂൾ സമയം 8 മുതൽ 1 വരെ ആക്കണമെന്നതാണ് പ്രധാന നിർദ്ദേശം. സർക്കാർ സ്കൂളുകളിലെ അധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്കൂളുകളിലെ ബിപിഎൽ വിദ്യാർഥികൾക്കായി മാറ്റിവയ്ക്കണം.വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണമെന്നും ഡി എം കെ ആവശ്യപ്പെട്ടു.
വന്യമൃഗശല്യത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. തൊഴിലില്ലായ്മ വേതനം 2000 ആക്കി ഉയർത്തണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികൾക്ക് അനവദിക്കണം.പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണമെന്നും ആവശ്യമുണ്ട്.