ചെലവ് 979 കോടി, നീളം 2.3 കിലോമീറ്റര്‍; ഇന്ത്യയിലെ ഏറ്റവും നീളമേറിയ തൂക്കുപാലം ‘സുദര്‍ശന്‍ സേതു’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന ‘സുദര്‍ശന്‍ സേതു’ എന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ഗുജറാത്തിലെ ദ്വാരകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പഴയതും പുതിയതുമായ ദ്വാരകയെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി ഇത് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പാലം ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പ് പ്രധാനമന്ത്രി മോദി ദ്വാരകാധീഷ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി.

979 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 2.3 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ തറക്കല്ലിട്ടത് 2017 ഒക്ടോബറിലായിരുന്നു. നാലുവരിപ്പാതയുള്ള 27.20 മീറ്റര്‍ വീതിയുള്ള പാലത്തിന് ഇരുവശങ്ങളിലും 2.50 മീറ്റര്‍ വീതിയുള്ള നടപ്പാതകളാണുള്ളത്. ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാല്‍ അലങ്കരിച്ച ഒരു കാല്‍പ്പാതയും ഇരുവശങ്ങളിലും ശ്രീകൃഷ്ണന്റെ ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന സവിശേഷമായ രൂപകല്‍പ്പനയാണ് സുദര്‍ശന്‍ സേതുവിന്.

‘സിഗ്‌നേച്ചര്‍ ബ്രിഡ്ജ്’ എന്നറിയപ്പെട്ടിരുന്ന പാലത്തിന്റെ പേര് ‘സുദര്‍ശന്‍ സേതു’ അല്ലെങ്കില്‍ സുദര്‍ശന്‍ പാലം എന്നാണ്. ശ്രീകൃഷ്ണന്റെ പ്രശസ്തമായ ദ്വാരകാധീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക പട്ടണത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക.

‘ഭൂമിയെയും ആളുകളെയും ബന്ധിപ്പിക്കുന്ന ഒരു പാലമായ സുദര്‍ശന്‍ സേതു ഇന്ന് ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും വികസനത്തിനും പുരോഗതിക്കുമുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവായി അത് ഉജ്ജ്വലമായി നിലകൊള്ളുന്നുവെന്നും ഉദ്ഘാടന ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.

More Stories from this section

family-dental
witywide