ഭരിക്കുന്നിടത്ത് ലാളന, മറ്റിടങ്ങളിൽ പീഡനം; സമരം ആരെയും തോൽപ്പിക്കാനല്ല, അതിജീവനമാണ് ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിനെതിരെ ഡൽഹിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന സമരം ആരെയും തോൽപ്പിക്കാൻ വേണ്ടിയല്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സവിശേഷമായ സമരമാണ് നാളെ നടക്കുന്നത്. അർഹമായത് നേടിയെടുക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ട് പോക്കിനും അനിവാര്യമായതിനാലാണ് പ്രക്ഷോഭത്തിന്റെ മാർ​ഗം തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സമരമാണിതെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.

കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് 7,000 കോടി രൂപയാണ്. കേരളത്തെ ബുദ്ധിമുട്ടിക്കുകയെന്ന നിർബന്ധബുദ്ധിയാണ് ഇതിന് പിന്നിലുള്ളത്. ചിലയിടങ്ങളിൽ ലാളനയും മറ്റു ചിലയിടത്ത് പീഡനവുമെന്നതാണ് കേന്ദ്രസർക്കാർ നയം. എൻഡിഎ ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന്റെ പീഡനം നേരിടുകയാണ്.

ഒരാളെയും തോല്‍പിക്കാനുള്ള ലക്ഷത്തോടെയല്ല സമരം. തോറ്റ് പിന്മാറുന്നത് പകരം അർഹതപ്പെട്ടത് നേടിയെടുക്കുക എന്ന ലക്ഷ്യമാണ് സമരത്തിന് പിന്നിൽ. രാജ്യമാകെ പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുകയാണ്. സമരത്തിന് കക്ഷിരാഷട്രീയ നിറം നൽകി കാണാൻ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. എന്നാൽ. ചില കേന്ദ്രനടപടികൾ മൂലം ആശയത്തിന്റെ അന്തസ്സ് ചോർന്നു പോകുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്തിമാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ നാളത്തെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കത്തയച്ചിരുന്നു. ഡിഎംകെ, ആർജെഡി, ആം ആദ്‌മി പാർട്ടി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി എന്നീ പ്രതിപക്ഷ കക്ഷികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അറിയിച്ചു.

More Stories from this section

family-dental
witywide