എന്തുകൊണ്ട് തോറ്റു? 5 ദിവസം ചിന്തിച്ച് സിപിഎം കണ്ടെത്തിയ കാരണഭൂതങ്ങൾ ഇവയൊക്കെയാണ്

ലോക് സഭ തെരഞ്ഞെടുപ്പിന്റെ കനത്ത തോൽവി വിലയിരുത്താൻ ചേർന്ന 5 ദിന സിപിഎം നേതൃയോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി . ഗോവിന്ദൻ പുറത്തു പറഞ്ഞ തോൽവിയുടെ കാരണങ്ങൾ ഇവയെല്ലാമാണ്.

കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. ദേശീയതലത്തിൽ സർക്കാർ രൂപവത്കരിക്കാനുള്ള സാധ്യത പരിഗണിക്കുമ്പോൾ കോൺഗ്രസിന് മുൻതൂക്കം ലഭിച്ചു. ന്യൂനപക്ഷങ്ങളടക്കം അവർക്ക് വോട്ട് ചെയ്തു.

ജമാഅത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ. എന്നീ വർഗീയകക്ഷികളെ ചേർത്ത് യു.ഡി.എഫ്. ഒരുമുന്നണിപോലെ മത്സരിച്ചു. ഇത് താത്കാലികവിജയം യു.ഡി.എഫിനുണ്ടാക്കി. എന്നാൽ ഇതിന് പ്രത്യാഘാതമുണ്ടാക്കും

ഇടതുപാർട്ടികളുടെ കരുത്തായിരുന്ന ഈഴവ പിന്നാക്ക വോട്ടുകളിൽ ചോർച്ചയുണ്ടായി. എസ്.എൻ.ഡി.പി.യിലെ ഒരുവിഭാഗം ബി.ജെ.പി.ക്കുവേണ്ടി പ്രവർത്തിച്ചു. ഇവരുടെ ഇടപെടൽ എൽ.ഡി.എഫിന് അനുകൂലമായ ഒരുവിഭാഗം വോട്ടുകൾ നഷ്ടപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിലൂടെ സംഘപരിവാർ എസ്എൻഡിപിയിലേക്ക് കടന്നു കയറി. ശ്രീനാരാണയ ഗുരുവിൻ്റെ കാഴ്ച്ചപ്പാടിൽ നിന്ന് വ്യത്യസ്തമാണ് എസ്എൻഡിപി നേതൃനിരയിലുള്ളവരുടെ സമീപനം.

ക്രിസ്ത്യാനികളിൽ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി. ഭീഷണി, ഫണ്ടിങ് പ്രശ്നം അങ്ങനെ പല കാരണങ്ങളാണ് ഇതിന്. ചില സ്ഥലങ്ങളിൽ ബിഷപ്പുമാർ ഉൾപ്പെടെ അവരുടെ പരിപാടികളിൽ പങ്കെടുത്തു. തൃശൂരിൽ കോൺഗ്രസിനു നഷ്ടമായത് ക്രിസ്ത്യൻ വോട്ടുകളാണ്.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെങ്കിലും അതുമൂലമുണ്ടായ പ്രശ്നങ്ങളുടെ പ്രതിഫലനം എൽഡിഎഫിന് എതിരായി. ക്ഷേമപെൻഷനും ഡിഎയും മുടങ്ങിയത് വലിയ തിരിച്ചടിയായി.

മുഖ്യമന്ത്രി പിണറായി വിജയനേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിച്ച് പ്രതിഛായ തകർക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും നടത്തിയ ശ്രമം ജനത്തെ സ്വാധീനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ശൈലി മാറ്റുമോ എന്ന ചോദ്യത്തിന് ഒരാളുടെ ശൈലി പെട്ടൊന്നുണ്ടാകുന്നതല്ല എന്ന ഉത്തരമാണ് എം. വി. ഗോവിന്ദൻ നൽകിയ മറുപടി. ഏറ്റവും പ്രധാന നേതൃകേന്ദ്രം എന്ന നിലയിൽ പിണറായിയേയും കുടുംബത്തേയും വേട്ടയാടുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

the reasons behind Election Defeat are Analyzed by CPM

More Stories from this section

family-dental
witywide