അജ്മീര്‍: കൂട്ടബലാത്സംഗത്തിനിരയായ തന്നെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ സ്‌കൂള്‍ അനുവദിച്ചില്ലെന്ന പരാതിയുമായി രാജസ്ഥാനിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി. പരീക്ഷയെഴുതിയാല്‍ നിലവിലെ സ്‌കൂള്‍ അന്തരീക്ഷം തകരുമെന്ന് അധികൃതര്‍ തന്നോട് പറഞ്ഞതായി വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു.
വിഷയം മറ്റൊരു സ്‌കൂളിലെ അധ്യാപികയെ അറിയിച്ചപ്പോള്‍ അവരുടെ നിര്‍ദേശ പ്രകാരമാണ് കുട്ടി ചൈല്‍ഡ്ലൈനുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് അജ്മീര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ (സിഡബ്ല്യുസി)കുട്ടിയുടെ പരാതിയില്‍ കേസെടുത്തു. അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, 4 മാസമായി ക്ലാസില്‍ ഹാജരാകാത്തതിനാല്‍ വിദ്യാര്‍ത്ഥിക്ക് അഡ്മിറ്റ് കാര്‍ഡ് നല്‍കിയില്ലെന്നതാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത കാരണമായി അജ്മീറിലെ സ്വകാര്യ സ്‌കൂള്‍ പറയുന്നത്.
സംഭവത്തെ കുറിച്ച് വിദ്യാര്‍ത്ഥിയുമായി സംസാരിച്ചുവെന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും കുട്ടിക്ക് നഷ്ടമായ പരീക്ഷ എഴുതാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്നും സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ അഞ്ജലി ശര്‍മ്മ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വിദ്യാര്‍ത്ഥിനിയെ അമ്മാവനും മറ്റ് രണ്ട് പുരുഷന്മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പിന്നീട് പെണ്‍കുട്ടി തുടര്‍ പഠനത്തിന് സ്‌കൂളില്‍ എത്തിയപ്പോള്‍ അധികൃതര്‍ കുട്ടിയോട് സ്‌കൂളില്‍ വരുന്നത് അന്തരീക്ഷത്തെ നശിപ്പിക്കുമെന്നും വീട്ടില്‍ ഇരുന്ന് പഠിച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടി വീട്ടിലിരുന്നാണ് പഠിച്ചത്. എന്നാല്‍ പരീക്ഷയ്ക്കു മുമ്പായി അഡ്മിറ്റ് കാര്‍ഡ് എടുക്കാന്‍ എത്തിയപ്പോഴാണ് കുട്ടിയെ അധികൃതര്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി സ്‌കൂളില്‍ എത്തുന്നതിനെ മറ്റ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും എതിര്‍ത്തിരുന്നു.