പ്രതീക്ഷയുടെ ഏഴാം നാള്‍…അര്‍ജുനായി ഇന്നും തിരച്ചില്‍ തുടരും, ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക്. ഇന്നലെ മുതല്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് രക്ഷാദൗത്യം നടക്കുന്നത്. സൈന്യം ഇന്ന് ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക.

അതേസമയം, കരയിലെ മണ്ണിനടിയില്‍ ലോറി ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ തറപ്പിച്ചു പറയുമ്പോഴും കരയില്‍ പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. ലോറി ഇവിടെ ഇല്ലെന്ന് പൂര്‍ണ്ണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കുന്നത് തുടരാനാണ് തീരുമാനം.

അതേസമയം, സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടത്തും. കരയിലെ പരിശോധന പൂര്‍ത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.