ന്യൂഡല്‍ഹി: ഞായറാഴ്ച നടത്താനിരിക്കുന്ന നീറ്റ്-പിജി പരീക്ഷ മാറ്റില്ല. ഏതാനും വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പരീക്ഷ മാറ്റിയാല്‍ രണ്ട് ലക്ഷത്തോളം ഉദ്യോഗാര്‍ഥികളുടെ കരിയര്‍ അപകടത്തിലാകുമെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ മനോജ് മിശ്ര, ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച്, പരീക്ഷ നടത്താന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ, മാറ്റിവയ്ക്കാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്ന് പറഞ്ഞു.
നീറ്റ് യുജിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍ മുന്‍കരുതലിന്റെ ഭാഗമായി ജൂണ്‍ 23 ന് നടത്താനിരുന്ന ബിരുദാനന്തര മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നേരത്തെ മാറ്റിവെച്ചിരുന്നു. ഇതാണ് ഞായറാഴ്ച നടത്താനിരിക്കുന്നത്. അതേസമയം, നീറ്റ്-പിജി പരീക്ഷ വീണ്ടും മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാര്‍, നിരവധിപേര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതെന്നും ചൂണ്ടിക്കാട്ടി. ഏതൊക്കെ കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നതെന്ന വിവരം വ്യാഴാഴ്ച മാത്രമാണ് അറിയിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ വ്യക്തമാക്കി.
നീറ്റ് യുജി പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 22ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെക്കുകയായിരുന്നു. നീറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നത് സ്വകാര്യ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നായിരുന്നു.