
ഇശ്ലാമാബാദ്: ഫെബ്രുവരി 8ന് പാക്കിസ്ഥാനില്‍ നടന്ന പൊതു തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച പാക് സുപ്രീം കോടതി പരിഗണിക്കും. വോട്ടെടുപ്പില്‍ കൃത്രിമം കാണിക്കുകയും ഫലം പ്രഖ്യാപിക്കുന്നതില്‍ ബോധപൂര്‍വം കാലതാമസം വരുത്തുകയും ചെയ്തുവെന്നതടക്കമുള്ള നിരവധി പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കിടയിലാണ് ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അസാധുവായി പ്രഖ്യാപിക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ 30 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പുനരാരംഭിക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം, ചീഫ് ജസ്റ്റിസ് ഖാസി ഫെയ്സ് ഈസ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
അലി ഖാന്‍ എന്ന പൗരനാണ് ഹര്‍ജിക്കാരന്‍. അദ്ദേഹം പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും (ഇസിപി) ഫെഡറല്‍ സര്‍ക്കാരിനെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
30 ദിവസത്തിനകം പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിടണമെന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നത്. കൂടാതെ, കേസ് തീര്‍പ്പാക്കുന്നതുവരെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയണമെന്നും ഹര്‍ജിയിലുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച പാക്കിസ്ഥാനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ തൂക്കു പാര്‍ലമെന്റ് രൂപീകരിച്ചു. ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 92 സീറ്റുകള്‍ നേടിയപ്പോള്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗും (നവാസ്) 75ഉം, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) 54 സീറ്റുകളും നേടി.
മുന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അടുത്ത പ്രധാനമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഎംഎല്‍-എന്നും പിപിപിയും ശ്രമിക്കുന്നു. പാര്‍ട്ടി സെക്രട്ടറി ജനറലും മുന്‍ സൈനിക ഏകാധിപതി അയൂബ് ഖാന്റെ ചെറുമകനുമായ ഉമര്‍ അയൂബ് ഖാനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയും സമാനമായ ഒരു ശ്രമമാണ് പിടിഐ നടത്തുന്നത്.
പി.ടി.ഐ, പി.പി.പി, ജമാഅത്തെ ഇസ്ലാമി, ജമാഅത്ത് ഉലമ-ഇ-ഇസ്ലാം-ഫസല്‍ (ജെ.യു.ഐ.-എഫ്) തുടങ്ങി നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുതിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.