
ന്യൂഡല്‍ഹി: ഭരണകൂട തീരുമാനങ്ങളെ വിമർശിക്കാനും അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കാനും എല്ലാ പൗരനും അവകാശമുണ്ടെന്നും ഭരണഘടന അത് ഉറപ്പ് നൽകുന്നുണ്ടെന്നും സുപ്രീം കോടതി.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ വിമർശിച്ച വ്യക്തിക്കെതിരായ കേസ് ഒഴിവാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം എത്തിയത്. മാത്രമല്ല ഭരണഘടന അനുവദിച്ചിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പോലീസിന് ബോധവല്‍ക്കരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
എല്ലാ വിമര്‍ശനങ്ങളും കുറ്റകരമല്ലെന്നും അങ്ങനെ വിചാരിച്ചാല്‍ ജനാധിപത്യം നിലനില്‍ക്കില്ലെന്നും ഓരോ പൗരനും വിമര്‍ശിക്കാൻ അവകാശം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടന, ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു. അതിനാല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ വിമര്‍ശിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. ഭരണകൂടത്തിന്റെ ഏത് തീരുമാനത്തിലും തനിക്ക് അതൃപ്തിയുണ്ടെന്ന് പറയാന്‍ പൗരന് അവകാശമുണ്ടെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ച് വിലയിരുത്തി.
മഹാരാഷ്ട്രയിലെ കോലാപൂര്‍ കോളജിലെ പ്രൊഫസർ, കശ്മീർ സ്വദേശി ജാവേദ് അഹമ്മദ് ഹസാം ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന വകുപ്പായ 370 റദ്ദാക്കിയ ദിവസം ജമ്മു കശ്മീരിന്റെ കറുത്ത ദിനം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു.
ഓഗസ്റ്റ് 14 ന് പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതും വാട്ട്സ്ആപ്പ് സ്റ്റാറ്റസായി ഇട്ടിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര പൊലീസ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അത് നീക്കിക്കൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യം കോടതി ശരിവെച്ചത്. ആഗസ്റ്റ് 5 കറുത്ത ദിനം എന്ന് വിളിക്കുന്നത് പ്രതിഷേധത്തിന്റെയും വേദനയുടെയും പ്രകടനമാണെന്ന് പറഞ്ഞ കോടതി പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതില്‍ തെറ്റില്ലെന്നും വ്യക്തമാക്കി.