സിഎഎ സ്റ്റേ ചെയ്യണമെന്ന 237 ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍, രാഷ്ട്രീയ നേതാക്കള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ നല്‍കിയ 237 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഇതില്‍ മുസ്‌ലിം ലീഗ്, ഡിവൈഎഫ്‌ഐ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കൂടാതെ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാരും സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

കുടിയേറ്റ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിക്കഴിഞ്ഞാല്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന്, കഴിഞ്ഞ ദിവസം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് (ഐയുഎംഎല്‍) വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ശ്രദ്ധിയില്‍പ്പെടുത്തിയിരുന്നു.

2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരുള്‍പ്പെടെ പീഡിപ്പിക്കപ്പെടുന്ന അമുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് കേന്ദ്രം അവതരിപ്പിച്ചതും 2019 ല്‍ പാര്‍ലമെന്റ് പാസാക്കിയതുമായ സിഎഎ നിയമങ്ങള്‍ ലക്ഷ്യമിടുന്നത്.

സിഎഎയ്ക്ക് കീഴിലുള്ള നിയമങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, കേരളം ആസ്ഥാനമായുള്ള രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് (ഐയുഎംഎല്‍) നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ പൗരത്വം നല്‍കുന്നതിനെ ചോദ്യം ചെയ്യാന്‍ ഒരു ഹര്‍ജിക്കാരനും അധികാരമില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ തുഷാര്‍ മേത്ത പറഞ്ഞു. അതേസമയം, വിശദമായ വാദം കേള്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹര്‍ജികളെല്ലാം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

അതേസമയം, ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസിയും സിഎഎയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

The Supreme Court will consider 237 petitions seeking a stay on the CAA today

More Stories from this section

family-dental
witywide