ലിവര്‍മോര്‍: സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ഏറ്റവും പുതിയ പഞ്ചാരി മേളം ടീം ഓഗസ്റ്റ് 31 ശനിയാഴ്ച ലിവര്‍മോറില്‍ അരങ്ങേറ്റം കുറിച്ചു. മേള കലാരത്‌നം കലാമണ്ഡലം ശിവദാസ്, കലാക്ഷേത്ര രാജേഷ് നായര്‍ എന്നിവരുടെ ശിക്ഷണത്തിലാണ് ഈ ടീം കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി പഞ്ചാരി മേളം പരിശീലനം നടത്തിയത്.
കേരളത്തിലെ മേള പ്രമാണിമാരില്‍ പ്രമുഖനാണ് കലാമണ്ഡലം ശിവദാസ്. കേരളത്തിന്റെ തനത് കലകളായ പഞ്ചാരി മേളത്തിലും, പാണ്ടിമേളത്തിലും കഥകളി ചെണ്ടയിലും വിശിഷ്ടമായ സ്ഥാനം അദ്ദേഹത്തിനുണ്ട്. പ്രശസ്തമായ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പ്രധാന അധ്യാപകനും കേരള കലാമണ്ഡലം യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് വിദഗ്ദ്ധ സമിതി അംഗവുമാണ് കലാമണ്ഡലം ശിവദാസ്.
കലാമണ്ഡലം ശിവദാസനില്‍ നിന്നും തായമ്പക അഭ്യസിച്ചു, സ്വാമീ ചിന്മയാനന്ദ സരസ്വതിയുടെ തിരുമുമ്പില്‍ 11 വയസ്സില്‍ അരങ്ങേറ്റം കുറിച്ച കലാകാരനാണ് കലാക്ഷേത്ര രാജേഷ് നായര്‍. മിഷിഗണ്‍ കലാക്ഷേത്ര എന്ന സ്ഥാപനത്തിലൂടെ നിരവധി പുതിയ കലാകാരന്മാരെ വാര്‍ത്തെടുക്കുകയും , വിവിധ ഭാഗങ്ങളില്‍ വാദ്യകലാപരിപാടികള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. ഭാരതീയ കലകള്‍ ജനകീയമാക്കാന്‍ ഈ സ്ഥാപനത്തിലുടെ രാജേഷ് അതുല്യമായ സംഭാവനകള്‍ നല്‍കിവരുന്നു.
ഈ അധ്യാപകരുടെ നേതൃത്വത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മൂന്നാമത്തെ പഞ്ചാരി മേളം സംഘമാണ് അരങ്ങേറ്റം നടത്തുന്നത്. അരങ്ങേറ്റത്തില്‍ 9 ബേ ഏരിയ കലാകാരന്മാര്‍, ബിനോജ് എം എന്‍, ജാസ്മിന്‍ പരോള്‍, ജോണ്‍ ജേക്കബ്, മനോജ് നാരായണന്‍, പത്മപ്രിയ പാലോട്ട്, പ്രദീപ് പിള്ള, രേവതി നാരായണന്‍, റോഷ് രാംദാസ്, ശ്രീജിത്ത് കറുത്തോടി എന്നിവരും, സിയാറ്റിലില്‍ നിന്നെത്തിയ അജിത് കെ, പ്രകാശ് മേനോന്‍ എന്നിവരും പങ്കെടുത്തു. കലാമണ്ഡലം ശിവദാസ് ആയിരുന്നു മേളപ്രമാണി, രാജേഷ് നായര്‍ പിന്തുണച്ചു.
ഡിട്രോയിറ്റ് ആസ്ഥാനമായുള്ള കലാക്ഷേത്ര ടീം വലംതല, ഇലത്താളം അകമ്പടി നല്‍കി. കൃഷ്ണകുമാര്‍ നായര്‍, സജീവ് നായര്‍, രാജേഷ് കുട്ടി, നീലകണ്ഠന്‍ പരമേശ്വരന്‍, ശ്രീകുമാര്‍ നായര്‍, ഷിബു ദേവപാലന്‍ എന്നിവര്‍ വലംതലയും ചന്ദ്രന്‍ പത്മനാഭന്‍, സൂരജ് ചന്ദ്രലാല്‍, ജയമുരളി നായര്‍, നാരായണന്‍ എന്നിവര്‍ ഇലത്താളം കൈകാര്യം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി ബിജു ചെറുപ്പൊയില്ലം അരങ്ങേറ്റസംഘത്തിനൊപ്പം ചേര്‍ന്നു.
രേഷ്മ നാരായണസ്വാമി, രക്ഷിത എന്നിവര്‍ MC ചെയ്ത് ലിവര്‍മോര്‍ ലാസ് പോസിറ്റാസ് കോളേജ് ഓഡിറ്റോറിയത്തില്‍ വര്‍ണഗംഭീരമായി നടന്ന പരിപാടിയില്‍ കലാമണ്ഡലം ശിവദാസിന്റെ നിലവിലെ വിദ്യാര്‍ത്ഥികളും മുന്‍ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 350-ലധികം ആളുകള്‍ പങ്കെടുത്തു. ബേ ഏരിയ ആര്‍ട്ടിസ്റ്റ് റോഷ്നി പിള്ള, മൗണ്ടന്‍ ഹൗസ് സ്പോര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ സ്ഥാപകന്‍ സുരേഷ് വുയ്യൂരു, ലിവര്‍മോര്‍ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാദര്‍ തോമസ് കോര എന്നിവര്‍ ആശംസകള്‍ നല്‍കി.