താപനില ക്രമാതീതമായി ഉയരുന്നു ; തൊഴില്‍ സമയക്രമീകരണം മെയ് 15രെ നീട്ടി, ലംഘിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: കേരളത്തിലെ താപനില പകല്‍ ക്രമാതീതമായി ഉയരുകയും ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് മുഴുവന്‍ തൊഴിലിടങ്ങളിലും കര്‍ശന പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലേബര്‍ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

മാത്രമല്ല, ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ ഏപ്രില്‍ 30 വരെ രാവിലെ 7:00 മുതല്‍ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. അത് മെയ് 15 വരെ നീട്ടും. പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കണ്‍സ്ട്രക്ഷന്‍, റോഡ് നിര്‍മാണ മേഖലകളില്‍ കര്‍ശന പരിശോധന ഉറപ്പാക്കും.

ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും. ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസി ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ ദൈനംദിന പരിശോധന നടത്തും.

അതേസമയം, സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ക്കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളെ ഉത്തരവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide