തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാല്‍ രാഹുല്‍ സമര്‍പ്പിച്ച അപേക്ഷയെ എതിര്‍ത്ത് പൊലീസും എത്തി. സ്ഥാനാര്‍ഥി എന്ന നിലയ്ക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വിധി പറയും.
സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതിനാല്‍ പ്രചരണത്തിനായി പാലക്കാട് അധികംസമയവും ചിലവഴിക്കുന്നതിനാലാണ് തിങ്കളാഴ്ചകളില്‍ തിരുവനന്തപുരത്ത് എത്തുന്നത് വെല്ലുവിളി ആയത്.
എന്നാല്‍ രാഹുലിന്റെ ആവശ്യത്തെ എതിര്‍ത്ത പൊലീസ് ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.