ജറുസലേം: അന്താരാഷ്ട്ര ധനസഹായം വെട്ടിക്കുറച്ചതോടെ ഫെബ്രുവരി അവസാനത്തോടെ യുഎന്‍ ഫലസ്തീന്‍ എയ്ഡ് ഏജന്‍സി അടച്ചുപൂട്ടുമെന്ന് റിപ്പോര്‍ട്ട്.
പലസ്തീന്‍ മേഖലയിലുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള യുഎന്‍ സഹായ ഏജന്‍സി വ്യാഴാഴ്ച അറിയിച്ചു.
ഒക്ടോബര്‍ 7-ന് ഹമാസിന്റെ ആക്രമണത്തില്‍ 12 ഏജന്‍സി ജീവനക്കാര്‍ പങ്കെടുത്തതായി ഇസ്രായേല്‍ ആരോപിച്ചതിനെ തുടര്‍ന്ന് യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് സംഭാവന നല്‍കുന്ന നിരവധി പ്രമുഖ രാജ്യങ്ങള്‍ ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
‘ഫണ്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍, ഫെബ്രുവരി അവസാനത്തോടെ ഗാസയില്‍ മാത്രമല്ല, മേഖലയിലുടനീളവും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു.
ഗാസയില്‍ അഭൂതപൂര്‍വമായ മാനുഷിക പ്രതിസന്ധി നേരിടുന്ന രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികളുടെ ജീവനാഡിയായി പ്രവര്‍ത്തിക്കുന്ന യുഎന്‍ആര്‍ഡബ്ല്യുഎയെ അന്താരാഷ്ട്ര സമൂഹം പിന്തുണയ്‌ക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദിയും സംസാരിച്ചു.
യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കുള്ള സഹായം താല്‍ക്കാലികമായി നിര്‍ത്തിവച്ച രാജ്യങ്ങളോട് അവരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സഫാദിയും ലാസരിനിയും ആവശ്യപ്പെട്ടതായി അമ്മാനിലെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.