‘ഇത് ചരിത്രമെന്ന് സെലെന്‍സ്‌കി’; ഉക്രൈനുമായി 10 വര്‍ഷത്തെ സുരക്ഷാ കരാറില്‍ ഒപ്പുവച്ച് അമേരിക്ക

ന്യൂഡല്‍ഹി: റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ ഉക്രൈന് അധിക ഊര്‍ജ്ജവുമായി അമേരിക്ക. ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും 10 വര്‍ഷത്തെ സുപ്രധാന സുരക്ഷാ കരാറില്‍ ഒപ്പുവച്ചു. സെലെന്‍സ്‌കി ഇതിനെ ചരിത്രപരമായ ദിവസമെന്നാണ് വിശേഷിപ്പിച്ചത്. ‘ഞങ്ങളുടെ സുരക്ഷാ കരാര്‍ നാറ്റോയിലെ ഉക്രെയ്നിന്റെ അംഗത്വത്തിലേക്കുള്ള പാലമാണ്’ എന്ന് സെലെന്‍സ്‌കി പത്രസമ്മേളനത്തില്‍ പറഞ്ഞു.

അടുത്ത ദശകത്തില്‍ യുക്രെയിനിന് നിരവധി സൈനിക സഹായവും പരിശീലനവും നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഈ കരാര്‍. അതേസമയം നാറ്റോ സഖ്യത്തിന്റെ വിലയേറിയ അംഗത്വം നേടുന്ന തന്റെ രാജ്യത്തിന് ഇത് വലിയ സഹായമാകുമെന്ന് സെലെന്‍സ്‌കി പറഞ്ഞു. തെക്കന്‍ ഇറ്റലിയിലെ ജി 7 ഉച്ചകോടിക്കിടെയാണ് കരാറില്‍ ഇരുവരും ഒപ്പുവെച്ചത്. ഉക്രെയ്‌നിന്റെ സൈന്യത്തെ ശക്തിപ്പെടുത്താനും പരിശീലനത്തില്‍ സഹകരിക്കാനും ഉക്രെയ്‌നിന്റെ ആഭ്യന്തര ആയുധ വ്യവസായം കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.

ഉക്രൈനുമായുള്ള യുഎസിന്റെ ദീര്‍ഘകാല സുരക്ഷാ ബന്ധത്തിന് ഈ കരാര്‍ വഴിയൊരുക്കുന്നു. എന്നാല്‍ ഭാവിയിലെ യുഎസ് ഭരണകൂടങ്ങള്‍ക്ക് ഇത് പഴയപടിയാക്കാമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. അതേസമയം, ഉക്രെയ്‌നിനുള്ള അധിക യുഎസ് ധനസഹായത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസ് പോരാട്ടത്തിന് ശേഷമാണ് ഉച്ചകോടി വരുന്നത്.