അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ പ്രത്യേക വിമാനത്തില്‍ തിരിച്ചയച്ച് അമേരിക്ക; അതിര്‍ത്തികളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി

ന്യൂഡല്‍ഹി: അനധികൃതമായി യുഎസില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍മാരെ നാടുകടത്തി. ഇവരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് മടക്കി അയച്ചതായി യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി മന്ത്രാലയം അറിയിച്ചു. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്. ഒക്ടോബര്‍ 22നാണ് ഇന്ത്യക്കാരെ മടക്കി അയച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല, യുഎസിലേക്കുള്ള അതിര്‍ത്തികളില്‍ സുരക്ഷാ പരിശോധനയും ശക്തമാക്കി.

അതേസമയം, സംവിധാനങ്ങളും നിരീക്ഷണങ്ങളും ശക്തമാക്കിയതോടെ, യുഎസിന്റെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി വഴി അനധികൃതമായി കടക്കുന്നവരുടെ എണ്ണത്തില്‍ 55% കുറവു വന്നിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി. ഇക്കൊല്ലം ഇതുവരെ ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങളില്‍നിന്നും 1,60,000 പേരെ തിരിച്ചയ്ക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ട്.