3 മാസത്തിനിടെ 11 മരണം: യുഎസിലെ ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹ മരണങ്ങൾ വിരൽ ചൂണ്ടുന്നത് എന്തിലേക്കാണ് ?

അമേരിക്കയിലെ ക്ലീവ്‌ലാൻഡിൽ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അറാഫത്ത് (25) എന്ന വിദ്യാർത്ഥി കൂടി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതോടെ യുഎസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയെ കുറിച്ച് ആശങ്കകൾ വർധിച്ചിരിക്കുകയാണ്. ഈ വർഷം തന്നെ ഈ കാലത്തിനുള്ളിൽ 11 ഇന്ത്യൻ വിദ്യാർഥികൾ യുഎസിൽ മരിച്ചിട്ടുണ്ട്. അതിൽ എട്ടെണ്ണം അസ്വാഭാവിക മരണങ്ങളായിരുന്നു. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലാത്തതിനാൽ എല്ലാ കേസുകളിലെയും മരണകാരണം ഇപ്പോഴും കണ്ടെത്തിയിട്ടില്ല. മാരകമായ അപകടങ്ങളിൽ മാത്രമാണ് വിശദാംശങ്ങൾ പുറത്തുവന്നിട്ടുള്ളത്. അറാഫത്തിൻ്റെ മരണത്തിന് നാലു ദിവസം മുമ്പ് ക്ലീവ്‌ലാൻഡിൽ തന്നെ ഉമ സത്യ സായി ഗദ്ദേ എന്ന മറ്റൊരു യുവാവും മരണപ്പെട്ടിരുന്നു.

ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി കഴിഞ്ഞ വർഷം യുഎസിലേക്ക് പോയ അറാഫത്ത്, ഹൈദരാബാദിലെ നാചരത്ത് കോൺട്രാക്ടറായ പിതാവ് മുഹമ്മദ് സലീമിനെ മാർച്ച് 7 നാണ് അവസാനമായി വിളിച്ചത്. മാർച്ച് 19 ന്, അറാഫത്തിൻ്റെ മോചനത്തിനായി 1,200 ഡോളർ (ഒരു ലക്ഷം രൂപയ്ക്ക് തുല്യമായത്) നൽകണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ പിതാവിന് ലഭിച്ചു. പണം നൽകാത്ത പക്ഷം പണം തിരിച്ചുപിടിക്കാൻ അറാഫത്തിൻ്റെ വൃക്കകൾ വിൽക്കുമെന്ന് വിളിച്ചയാൾ മുന്നറിയിപ്പ് നൽകി. എന്നാൽ പണം എങ്ങനെ നൽകണമെന്ന് പറയാതെ വിളിച്ചയാൾ ഫോൺ കട്ട് ചെയ്തു. മകനോട് സംസാരിക്കാൻ അനുവദിക്കണമെന്ന സലീമിൻ്റെ അപേക്ഷയും അദ്ദേഹം അംഗീകരിച്ചില്ല.

യുഎസിൽ താമസിക്കുന്ന ബന്ധുക്കൾ നൽകിയ പരാതിയിൽ ലോക്കൽ പൊലീസ് അറാഫത്തിനായി തിരച്ചിൽ ആരംഭിച്ചു. ഏപ്രിൽ 8 ന് ക്ലീവ്‌ലാൻഡിലെ ഒരു തടാകത്തിൻ്റെ അടിത്തട്ടിൽ നിന്ന് അവൻ്റെ അഴുകിയ മൃതദേഹം വീണ്ടെടുത്തു.നേരത്തെ, തടാകത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ അറാഫത്തിൻ്റെ ലാപ്‌ടോപ്പുള്ള ഒരു ബാഗ് ജോഗ് ചെയ്യാൻ പോയ ഒരാൾ കണ്ടെത്തിയിരുന്നു.

തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ അറാഫത്ത് ഇപ്പോൾ ക്ലീവ്‌ലാൻഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയല്ലെന്ന് മനസ്സിലായി. അയാൾ അവിടെ റജിസറ്റർ ചെയ്തിരുന്നെങ്കിലും അവിടെ പഠിക്കുന്നുണ്ടായിരുന്നില്ല.

സുരക്ഷയില്ലാത്ത താവളങ്ങൾ

യൂണിവേഴ്സിറ്റി ക്യാംപസിലെ താമസം വിട്ട് അയാൾ ചെലവു കുറഞ്ഞ നഗരപ്രാന്തത്തിലെ സുരക്ഷ തീരെയില്ലാത്ത എവിടെയോ താമസമാക്കിയിരിക്കാം. വാടകയ്ക്ക് താമസസൗകര്യം കുറവായ പ്രാന്തപ്രദേശങ്ങളിൽ താമസിച്ചാൽ വിദ്യാർഥികൾ പലതരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുമെന്ന് യുഎസിലെ വിദ്യാഭ്യാസ കൺസൽറ്റൻ്റുമാർ വ്യക്തമാക്കുന്നു. എന്നാൽ യൂണിവേഴ്സിറ്റി ഡോർമിറ്ററികൾ, ചെലവേറിയതാണെങ്കിലും, അവ സുഖകരവും സുരക്ഷിതവുമാണ്.

യുഎസ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്ന വിദേശപഠന കൺസൾട്ടൻസികൾ എല്ലായ്‌പ്പോഴും കാമ്പസ് താമസത്തിനോ അല്ലെങ്കിൽ സർവ്വകലാശാല ശുപാർശ ചെയ്യുന്ന താമസ സൗകര്യത്തിനോ നിർബന്ധം പിടിക്കാറുണ്ട്.

നഗരപ്രാന്തങ്ങളിലെ സ്വകാര്യ മുറികൾ അപകടസാധ്യതയുള്ളതാണെന്ന് മാത്രമല്ല, സർവ്വകലാശാലകളിലേക്കുള്ള യാത്രയിൽ പൊതുഗതാഗതത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ അവരെ കുറ്റകൃത്യങ്ങളിലും അകപ്പെടാൻ സാധ്യതയുണ്ടെന്ന് അനുഭവസ്ഥർ വ്യക്തമാക്കുന്നു. ലഹരി കടത്ത് സംഘങ്ങളും മറ്റും ഇത്തരം കുട്ടികളെ കുടുക്കാറുണ്ട്. അതി കഠിനമായി അധ്വാനിച്ച് പെട്ടെന്ന് പണം സമ്പാദിക്കുന്ന സ്വഭാവമാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് . അതുകൊണ്ടു തന്നെ ഇവർ പെട്ടെന്നു ടാർഗെറ്റ് ചെയ്യപ്പെടുന്നു.

അറാഫത്ത് അകപ്പെട്ട കെണി

ഒന്നാം സെമസ്റ്റർ പരീക്ഷകളിൽ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളിൽ വിജയിക്കാത്തതിനാൽ ക്ലീവ്‌ലാൻഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ റോളിൽ നിന്ന് അറാഫത്തിനെ ഒഴിവാക്കിയതായി ഹൈദരാബാദിലെ പ്രശസ്തനായ സാമൂഹിക പ്രവർത്തകൻ അംജദുള്ള ഖാൻ പറഞ്ഞു. ക്ലീവ്‌ലാൻഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഹാജർ നിർബന്ധമായിരുന്നു. പുറത്ത് പണിയെടുത്ത് പണമുണ്ടാക്കുകയായിരുന്നു അറാഫത്തിന്റെ പ്രധാന ലക്ഷ്യം. അതിനിടെ അയാൾക്ക് ആവശ്യമായ അറ്റൻഡൻസ് കിട്ടിയില്ല. അതോടെ ആ സർവകലാശാലയിൽ പഠിക്കാൻ പറ്റാതായി. ഓൺലൈനായി കോഴ്‌സ് പൂർത്തിയാക്കാൻ പറ്റുന്ന ന്യൂയോർക്കിലെ സെൻ്റ് ഫ്രാൻസിസ് കോളേജിൽ അറാഫത്ത് പ്രവേശനം നേടി. പക്ഷേ ചെറിയ ജോലികൾ ചെയ്യുന്നതിനായി ക്ലീവ്‌ലാൻഡിൽ തന്നെ തുടർന്നു.

പലചരക്ക് സാധനങ്ങൾ ഹാൻഡിൽ തൂക്കി സൈക്കിൾ ചവിട്ടുന്ന അറാഫത്തിൻ്റെ ഫോട്ടോ ക്ലീവ്‌ലാൻഡ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കാണാതാകുന്നതിന് തൊട്ടുമുമ്പ് എടുത്ത ചിത്രമായിരുന്നു ഇത്.

അറാഫത്ത് കൊല്ലപ്പെട്ടതാണോ ആത്മഹത്യ ചെയ്തതാണോ എന്ന് ആർക്കും അറിയില്ല. അവൻ സ്വന്തം ജീവിതം അവസാനിപ്പിക്കുന്ന ആളല്ലെന്ന് മാതാപിതാക്കൾ പറയുന്നു.

യുഎസിൽ 2.69 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ

യുഎസ് സർവ്വകലാശാലകളിൽ പ്രവേശനം നേടിയ ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ എഞ്ചിനീയറിംഗ് കോളജുകൾ ഓരോ വർഷവും ദശലക്ഷം ബിരുദധാരികളെ സൃഷ്ടിക്കുന്നുണ്ട്. അവരിൽ ബഹുഭൂരിപക്ഷവും തൊഴിലിനു വേണ്ടി കഷ്ടപ്പെടുകയാണ്. ഇങ്ങനെയുള്ള കുട്ടികൾ അവരുടെ വീടും സ്വത്തും എല്ലാം പണയപ്പെടുത്തിയാണ് വിദേശ രാജ്യങ്ങളിലേക്ക് വണ്ടികയറുന്നത്. വലിയ സാമ്പത്തിക ബാധ്യതയുള്ളതിനാൽ ഈ കുട്ടികൾ പഠനത്തിനൊപ്പം തന്നെ ജോലിചെയ്ത് പണം സമ്പാദിക്കാൻ ശ്രമിക്കും. എന്നിരുന്നാലും, യുഎസിലെ ഉന്നതപഠനം പൂർത്തിയാക്കുന്നതോടെ യുഎസിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലിക്കു പ്രയാസമില്ല. സാമ്പത്തികവും സാമൂഹികവുമായി മുന്നേറാനുള്ള അഭിലാഷം യുഎസിനെ തങ്ങളുടെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിക്കുകയാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർനാഷണൽ എജ്യുക്കേഷൻ്റെ ഓപ്പൺ ഡോർസ് റിപ്പോർട്ട്, പ്രകാരം 2022-23 ൽ യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2.69 ലക്ഷമാണ്. ഇത് മുൻവർഷത്തേക്കാൾ 35% അധികമാണ്. അവരിൽ ബിരുദ വിദ്യാർത്ഥികളുടെ എണ്ണം 1.66 ലക്ഷം ആണ്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണിത്.

The Unnatural Death Of Indian Students In US is a matter of serious Concern

More Stories from this section

family-dental
witywide