വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ കമ്പനിയായ ടിക് ടോക്കിനെതിരെ പുതിയ കേസ് ഫയല്‍ ചെയ്ത് യുഎസ്. കുട്ടികളുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കുന്നുവെന്നും കുട്ടികളുടെ അക്കൗണ്ട് ഇല്ലാതാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിച്ചപ്പോള്‍ പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ആരോപിച്ചാണ് യുഎസ് കേസുമായി മുന്നോട്ട് പോകുന്നത്.
13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഓണ്‍ലൈന്‍ കമ്പനികള്‍ രക്ഷാകര്‍തൃ സമ്മതം വാങ്ങണമെന്ന് ആവശ്യപ്പെടുന്ന നിയമങ്ങളെ മറികടന്നുവെന്നും, സ്ഥാപനത്തിന്റെ രീതികള്‍ കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള ‘വലിയ രീതിയിലുള്ള’ കടന്നുകയറ്റത്തിന് തുല്യമാണെന്നും നീതിന്യായ വകുപ്പ് പറഞ്ഞു. 2019 ല്‍ കൊണ്ടുവന്ന സമാനമായ ഒരു കേസ് ചൂണ്ടിക്കാട്ടി ടിക് ടോകും മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സും ആവര്‍ത്തിച്ചുള്ള കുറ്റവാളികള്‍ ആണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എന്നാല്‍ വിഷയത്തോട് പ്രതികരിച്ച ടിക് ടോക്ക്, യു.എസിന്റെ അവകാശവാദങ്ങളെ പ്രതികൂലിക്കുകയും കുട്ടികളെ സംരക്ഷിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളില്‍ അഭിമാനമുണ്ടെന്നുമാണ് വ്യക്തമാക്കിയത്.