വാഷിംഗ്ടണ്‍: റഷ്യയുടെ അധിനിവേശത്തില്‍ യുദ്ധം കൊടുംപിരി കൊണ്ട യുക്രെയ്നിന് അമേരിക്കയുടെ സഹായം വീണ്ടുമെത്തി. യുഎസ് നിര്‍മ്മിത യുദ്ധവിമാനങ്ങളുടെ വരവ് സ്ഥിരീകരിച്ചുകൊണ്ട് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അമേരിക്കയ്ക്ക് നന്ദി പറഞ്ഞു. അത്യാധുനിക എഫ്-16 വിമാനങ്ങള്‍ ലഭിച്ചുവെന്നും ഉപയോഗിച്ചു തുടങ്ങിയെന്നുമാണ് സെലന്‍സ്‌കി അറിയിച്ചത്.
കഴിഞ്ഞ 29 മാസത്തിലേറെയായി റഷ്യയുടെ അധിനിവേശത്തില്‍ തളരുന്ന യുക്രെയ്‌ന് ഏറെ സഹായകരമാരും അമേരിക്ക നല്‍കിയ പുതിയ വിമാനങ്ങള്‍. യുക്രെയ്നിലെ ഉന്നത കമാന്‍ഡര്‍ ഒലെക്സാണ്ടര്‍ സിര്‍സ്‌കി ജെറ്റുകളുടെ വരവിനെ സ്വാഗതം ചെയ്യുകയും തങ്ങളുടെ സുരക്ഷയ്ക്കായി സദാ പ്രവര്‍ത്തിച്ചതിന് പ്രസിഡന്റിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. വിമാനങ്ങളുടെ വരവ് യുക്രേനിയന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.