ചരിത്രം കുറിക്കാന്‍ ഉത്തരാഖണ്ഡ്; ഏകീകൃത സിവില്‍ കോഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം, ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് മന്ത്രിസഭ ഞായറാഴ്ച ഏകീകൃത സിവില്‍ കോഡ് (യുസിസി) ബില്‍ പാസാക്കി. സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശകളെ തുടര്‍ന്നാണ് നീക്കം.

സിവില്‍ നിയമങ്ങളില്‍ ഏകീകൃത രീതി കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ ഫെബ്രുവരി 6 ന് ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ധാമിയുടെ അധ്യക്ഷതയില്‍ ഡെറാഡൂണിലെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്‍ പാസാക്കിയത്.

മലയോര സംസ്ഥാനത്തിനായുള്ള ഏകീകൃത സിവില്‍ കോഡ് ബില്ലിന്റെ കരട് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ അഞ്ചംഗ സമിതി മുഖ്യമന്ത്രിക്ക് കൈമാറി.

സംസ്ഥാനത്തെ മതം നോക്കാതെ എല്ലാ പൗരന്മാര്‍ക്കും ഏകീകൃത വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശ നിയമങ്ങള്‍ എന്നിവയ്ക്ക് നിയമപരമായ ചട്ടക്കൂട് നല്‍കാനാണ് ബില്‍ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി ആറിന് നിയമസഭ പാസാക്കിയാല്‍, സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവില്‍ കോഡ് അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ബഹുഭാര്യത്വവും ശൈശവ വിവാഹവും സമ്പൂര്‍ണമായി നിരോധിക്കുക, എല്ലാ മതങ്ങളിലെയും പെണ്‍കുട്ടികള്‍ക്ക് പൊതുവായ വിവാഹ പ്രായം, വിവാഹമോചനത്തിന് സമാനമായ കാരണങ്ങളും നടപടിക്രമങ്ങളും നടപ്പിലാക്കുക തുടങ്ങിയവ ബില്‍ തയ്യാറാക്കിയ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.

യൂണിഫോം സിവില്‍ കോഡിന്മേലുള്ള നിയമം പാസാക്കുന്നതിനായി ഫെബ്രുവരി 5 മുതല്‍ 8 വരെ ഉത്തരാഖണ്ഡ് നിയമസഭയുടെ നാലു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

More Stories from this section

family-dental
witywide