ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 88 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് പൂര്‍ത്തിയാകുക. പോളിംഗ് ബൂത്തിലേക്കെത്തുന്നവര്‍ നേരിടുന്ന ഇന്നത്തെ പ്രധാന വില്ലന്‍ കൊടുംചൂടും ഉഷ്ണ തരംഗവുമാണ്.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.നരേഷ് കുമാര്‍, വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ ഉഷ്ണതരംഗ പ്രവചനത്തെക്കുറിച്ച് പറയുന്നതനുസരിച്ച് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും ഉഷ്ണ തരംഗമോ കഠിനമായ ഉഷ്ണ തരംഗമോ കാണാന്‍ സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് റെഡ് അലര്‍ട്ടും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ ചൂടുള്ളതും ഉയര്‍ന്നതാപനിലയുടെ മുന്നറിയിപ്പും ഇന്നുണ്ട്. ബീഹാറിലും ഉഷ്ണ തരംഗത്തിന്റെ ബുദ്ധിമുട്ടുകള്‍ പോളിംഗ് ബൂത്തിലെത്തുന്നവരെ കാത്തിരിക്കുന്നുണ്ട്. താപനില ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ടും ബീഹാറില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തുന്ന ഉത്തര്‍പ്രദേശിലാകട്ടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കിഴക്കന്‍ പ്രദേശങ്ങളിലും നാളെ ഉഷ്ണതരംഗ സാഹചര്യങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്.
കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളില്‍ അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമെന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ കര്‍ണാടകയിലും ശരാശരിയേക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയ് മുന്നറിയിപ്പും കര്‍ണാടകയിലുണ്ട്.