ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) യുടെ പരിശോധനയ്ക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍. അവകാശങ്ങള്‍ ഇതുവരെ ലഭിക്കാത്തവര്‍ക്ക് അവകാശം നല്‍കാനാണ് ഈ ബില്‍ കൊണ്ടുവന്നതെന്നും ഒരു മത സ്ഥാപനത്തിന്റെയും സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതല്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ പറഞ്ഞു. മാത്രമല്ല, കോണ്‍ഗ്രസ് രൂപീകരിച്ച സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ല് കൊണ്ടുവന്നതെന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.
ബില്‍ ആസൂത്രിത രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് അഖിലേഷ് യാദവ് അവകാശപ്പെട്ടു. പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ത്തത് ഇന്ന് സഭയെ കലുഷിതമാക്കി.
”മറ്റു മത ബോര്‍ഡുകളില്‍ അവിശ്വാസികള്‍ ഇല്ലാത്തപ്പോള്‍ എന്തിന് അമുസ്ലിംകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം? എന്ന ചോദ്യം ഭരണപക്ഷത്തിനെതിരെ ഉയര്‍ന്നു.
ബില്‍ ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ആരോപിച്ചു. ”വഖഫ് സ്വത്തുക്കള്‍ വരുന്നത് സംഭാവനകളില്‍ നിന്നാണ്. ബില്‍ മതപരവും ജീവകാരുണ്യവുമായ ഉദ്ദേശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ രൂപീകരിക്കാനും പരിപാലിക്കാനുമുള്ള അവകാശം ഉറപ്പ് നല്‍കുന്ന, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു. ബില്‍ വിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”ഇപ്പോള്‍ നിങ്ങള്‍ മുസ്ലീങ്ങളുടെ പിന്നാലെ പോകുന്നു. അടുത്തതായി, നിങ്ങള്‍ ക്രിസ്ത്യാനികളുടെയും ജൈനരുടെയും പിന്നാലെ പോകും. ഇന്ത്യയുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ ഹിന്ദുക്കള്‍ എന്ന നിലയില്‍ വിശ്വാസികളാണ്, എന്നാല്‍ ഞങ്ങള്‍ മറ്റ് മതങ്ങളെയും ബഹുമാനിക്കുന്നു,” – വേണുഗോപാല്‍ പറഞ്ഞു. മഹാരാഷ്ട്ര, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളുമായി അദ്ദേഹം ബില്ലിനെ ബന്ധിപ്പിച്ചു. ‘ഈ ബില്‍ ഫെഡറല്‍ സംവിധാനത്തിനെതിരായ ആക്രമണം കൂടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം, ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഒരു കൂടിയാലോചനയും നടന്നിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ എതിര്‍ത്ത്, ‘സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളുമായി ഔദ്യോഗികവും രാഷ്ട്രീയവുമായ തലത്തില്‍ രാജ്യത്തുടനീളം കൂടിയാലോചനകള്‍ നടന്നിട്ടുണ്ടെന്ന് കിരണ്‍ റിജിജു പറഞ്ഞു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, സിഇഒമാര്‍, മറ്റ് പ്രതിനിധികള്‍ എന്നിവരുമായി പോലും 2015ന് ശേഷം സജീവമായ കൂടിയാലോചനകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബില്‍ പാസാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിശ്വസിക്കുന്നുണ്ടെന്നും എന്നാല്‍ അത് പുറത്ത് പറയാന്‍ രാഹുലിന് ആകില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. പ്രതിപക്ഷം മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വഖഫ് ബോര്‍ഡുകള്‍ മാഫിയ കൈയടക്കിയതായി പല എംപിമാരും എന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ചിലര്‍ ബില്ലിനെ വ്യക്തിപരമായി പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ അവരുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാരണം അത് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.