വാഷിംഗ്ടണ്‍: ആമസോണ്‍ സ്ഥാപകനും കോടീശ്വരനുമായ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് കമലാ ഹാരിസിനോ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനെയോ പിന്തുണയ്ക്കില്ലെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കാത്തതിന്റെ മുന്‍നിലപാടുകളിലേക്കുള്ള തിരിച്ചുവരവാണിതെന്ന് സിഇഒ വില്യം ലൂയിസ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ താത്പര്യത്തിനനുസരിച്ച് ചില സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചിട്ടുണ്ടെന്നും അവരെല്ലാം ഡെമോക്രാറ്റുകള്‍ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാലിത് നേട്ടമാക്കിയിരിക്കുകയാണ് ട്രംപ് അനുകൂലികള്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസ് വളരെ മോശക്കാരിയാണെന്നും, ഇനിയൊരിക്കലും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് തീരുമാനിച്ചു എന്നുപറഞ്ഞാണ് ട്രംപ് ഇതിനെ കമലയ്‌ക്കെതിരായ ആയുധമാക്കുന്നത്. ഇത്തരത്തില്‍ ട്രംപിന്റെ പ്രചാരണം അതിവേഗം കുതിക്കുകയാണ്.
പത്രത്തിലെ യൂണിയനൈസ്ഡ് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന വാഷിംഗ്ടണ്‍ പോസ്റ്റ് ഗില്‍ഡ്, ഇത് അഗാധമായ ആശങ്കയുണ്ടാക്കുന്നു എന്നാണ് പ്രതികരിച്ചത്. ഒരിക്കല്‍ വിശ്വസ്തരായ വായനക്കാരായിരുന്നവര്‍ പത്രം ഉപേക്ഷിക്കുന്ന സ്ഥിതി പോലും ഉണ്ടായെന്നും അവര്‍ ഒരു പ്രസ്താവനയില്‍ പറയുന്നു. മാത്രമല്ല, തീരുമാനത്തില്‍ പ്രതിഷേധിച്ച് പത്രത്തിന്റെ എഡിറ്ററിലൊരാളും അമേരിക്കന്‍ കോളമിസ്റ്റും പൊളിറ്റിക്കല്‍ സയന്റിസ്റ്റുമായ റോബര്‍ട്ട് കേഗന്‍ രാജിവെച്ചതായും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.