തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച് പുറത്തുവന്ന ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പരാതിയില്ലെങ്കിലും സ്വമേധായാ കേസെടുക്കാമെന്ന മന്ത്രി ബാലഗോപാലിന്റെ പരാമര്‍ശത്തെ തള്ളി വനിതാ കമ്മീഷന്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വ്യക്തമാക്കുന്നത്. ആധികാരികമായ പരാതി വേണമെന്നും പരാതി ഇല്ലാതെ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്നും പരാതി കൊടുക്കാന്‍ തയാറായാലേ നടപടി എടുക്കന്‍ കഴിയൂവെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാമെന്നും നിയമതടസമില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ പറഞ്ഞിരുന്നു. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണെന്നും പരിഷ്‌കരിച്ച നിയമങ്ങള്‍ നിലവിലുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരാതി നല്‍കാതെ കേസെടുക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ഇതിനെ തള്ളിയാണ് ധനമന്ത്രിയുടെ അഭിപ്രായം എത്തിയത്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിവെക്കുന്നതാണ് വനിതാ കമ്മീഷന്റെ നിലപാട്.