കേരളത്തിന്റെ മണ്ണിലേക്ക് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനി എംഎസ്‌സി എത്തുന്നു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ്‌സി (മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നു. എറണാകുളത്താണ് യൂണിറ്റ് തുടങ്ങുന്നതെന്ന് മന്ത്രി പി. രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 250 പേര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ എത്രയും പെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനം.

സംസ്ഥാന വ്യവസായ നയത്തില്‍ സുപ്രധാന മേഖലയായി കരുതുന്ന മാരിടൈം രംഗത്ത് രാജ്യത്തിന്റെ ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ് എംഎസ്‌സിയുടെ വരവെന്നും ലോകോത്തര മാരിടൈം കമ്പനിയായ കോങ്ങ്‌സ്‌ബെര്‍ഗ് കഴിഞ്ഞ മാസം കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം പെട്ടെന്നുതന്നെ മറ്റൊരു ആഗോള കമ്പനി കൂടി കേരളത്തിലേക്ക് കടന്നുവരുന്നത് കേരളം ശരിയായ ദിശയില്‍ സഞ്ചരിക്കുന്നുവെന്ന് കൂടി തെളിയിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20,000 ചതുരശ്ര അടിയില്‍ ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലുള്ള ലുലു സൈബര്‍ ടവറില്‍ സ്ഥലമേറ്റെടുത്തിരിക്കുന്നത്.

നിലവില്‍ ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സി, കമ്പനി 1970ല്‍ ഇറ്റലിയിലാണ് സ്ഥാപിച്ചത്. 790 ലധികം കണ്ടെയ്നര്‍ വെസ്സലുകള്‍ കമ്പനിക്ക് കീഴിലുണ്ട്. ആഗോള കണ്ടെയ്നര്‍ കപ്പല്‍ വ്യവസായത്തിന്റെ 19.7 ശതമാനവും നിയന്ത്രിക്കുന്നത് ഈ കമ്പനിയാണ്.
55 രാജ്യങ്ങളിലായി 524 ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു.

More Stories from this section

family-dental
witywide