മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. 23 കാരിയായ ശ്വേത സൂര്‍വാസെയാണ് മരണത്തിന് കീഴടങ്ങിയത്. യുവതി കാര്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എടുത്ത് റീല്‍സ് തയ്യാറാക്കാനായിരുന്നു ശ്രമം. അവരുടെ സുഹൃത്തായ ശിവരാജ് മുലെ എന്ന യുവാവ് വീഡിയോ പകര്‍ത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വാഹനം റിവേഴ്സ് ഗിയറില്‍ ആണെന്നറിയാതെ അബദ്ധത്തില്‍ ആക്സിലറേറ്ററില്‍ ചവിട്ടിയതോടെ കാര്‍ പിന്നിലോട്ട് സഞ്ചരിക്കുകയായിരുന്നു. പരിഭ്രാന്തിയിലായ യുവാവിന്റെ നിലവിളിയും കാര്‍ കൊക്കയിലോട്ടു മറിയുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതിക്ക് കാര്‍ ഓടിക്കാന്‍ അറിയില്ലായിരുന്നു എന്ന് പോലീസ് പറഞ്ഞു.