മുംബൈ: നടന്‍ അനുപം ഖേറിന്റെ അന്ധേരി വെസ്റ്റിലുള്ള ഓഫീസ് കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍. മോഷ്ടാക്കളായ മാജിദ് ഷെയ്ഖ്, മുഹമ്മദ് ദലേര്‍ ബഹ്റിം ഖാന്‍ എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ജോഗേശ്വരി മേഖലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
പിടിയിലായവര്‍ക്ക് ക്രിമിനല്‍ ചരിത്രമുണ്ടെന്നും ഓട്ടോറിക്ഷകളില്‍ സഞ്ചരിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യാറുള്ളതായും പൊലീസ് പറഞ്ഞു. ഓഫീസില്‍ രാത്രിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ പണവും വിലപിടിപ്പുള്ള വസ്തുക്കളും ഉള്‍പ്പെടെ 4.15 ലക്ഷം രൂപയുടെ കവര്‍ച്ചയാണ് നടത്തിയത്. മോഷ്ടിച്ച സാധനങ്ങളുമായി ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുന്നതും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
മോഷണ വിവരം നടന്‍ തന്നെയാണ് നേരത്തെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഒരു പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഒരു സിനിമയുടെ നെഗറ്റീവും അവര്‍ എടുത്തുകൊണ്ടുപോയതായും അനുപം ഖേര്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു.