തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ്,”ഇത്രയും വലിയ തെറ്റിന് ഈ ശിക്ഷ പോരെന്ന് ഹരിത”

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. ഹരിതയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം.

അതേസമയം, ഈ ശിക്ഷ പോരെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായും ഹരിത പ്രതികരിച്ചു. കൂടുതല്‍ ശിക്ഷ നല്‍കാന്‍ അപ്പീല്‍ പോകുമെന്നും ഹരിത പറഞ്ഞു. ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവര്‍ക്ക് ഈ ശിക്ഷ കൊടുത്തതില്‍ എനിക്ക് തൃപ്തിയില്ല. വധശിക്ഷ തന്നെ കൊടുക്കണം. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നു എന്ന് ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു. വിചാരണ സമയത്ത് ഭീഷണി നേരിട്ടിരുന്നുവെന്നും,നിന്നെയും കൊല്ലും എന്നായിരുന്നു ഭീഷണിയെന്നും ഹരിത വെളിപ്പെടുത്തി.

പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്.

2020 ക്രിസ്മസ് ദിനത്തിലായിരുന്നു ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇരുവരും വിവാഹിതരായത്. പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ അനീഷിനെ 90 ദിവസത്തിനുളളില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് 88-ാം ദിവസമാണ് അച്ഛനും അമ്മാവന്‍ സുരേഷും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തുകയും ചെയ്തു.

More Stories from this section

family-dental
witywide