ചില സുപ്രധാന വിഷയങ്ങളിൽ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം. സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വളരെ മോശമായ തുടരുന്ന സാഹചര്യത്തിലാണ് ട്രൂഡോയുടെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
“തുടർ നടപടികൾ ആവശ്യമുള്ളതും സുപ്രധാനവും സെൻസിറ്റീവുമായ പ്രശ്നത്തിൻ്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല., എന്നാൽ വരും കാലങ്ങളിൽ, വളരെ പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിബദ്ധമാണ്,” ട്രൂഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയിൽ വെച്ച് കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ജി20 ഉച്ചകോടിയിലാണ് ഇരുവരും നേരത്തെ കണ്ടുമുട്ടിയത്. ഇതിന് പിന്നാലെ ഇപ്പോൾ റോമിൽ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയിലും ഇരുവരും സംസാരിച്ചു.
ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്ന കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാർ 2023 ജൂൺ 18 ന് കാനഡയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച്, വെടിയേറ്റ് മരിച്ചു. ഇതിനു പിന്നിൽ ഇന്ത്യയാണ് എന്ന വലിയ ആരോപണം കാനഡ ഉന്നയിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു.
നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യക്കാരെ മെയ് മാസത്തിൽ കാനഡയിൽ അറസ്റ്റ് ചെയ്തിരുന്നു. വിഷയത്തിൽ “രാഷ്ട്രീയ താൽപ്പര്യങ്ങൾ” പ്രവർത്തിക്കുന്നുവെന്ന് ഇന്ത്യ ആരോപിക്കുകയും കാനഡ വിഘടനവാദികൾക്കും തീവ്രവാദികൾക്കും രാജ്യത്ത് രാഷ്ട്രീയ ഇടം നൽകിയിട്ടുണ്ടെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു.
there is a commitment to work with India on some important issues says Trudeau