തൃശൂര്‍ പൂരം അലങ്കോലമായതില്‍ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല, പൊലീസ് ഏകോപനത്തിൽ വീഴ്ചയുണ്ടായി: ADGPയുടെ റിപ്പോർട്ട്

കേരളത്തില്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച തൃശ്ശൂര്‍ പൂരവിവാദത്തില്‍ പോലീസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. തൃശൂര്‍ പൂരം അലങ്കോലമായതില്‍ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നാണ് പൊലീസ് റിപ്പോർട്ട്. പൂരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഏകോപനത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകിന് പാളിച്ച പറ്റി. പൂരം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് ദേവസ്വങ്ങളുടെ നിലപാട് മൂലമായിരുന്നു എന്നും തൃശൂര്‍ പൂരം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കോടതി നിര്‍ദേശം കൂടി പരിഗണിച്ചുകൊണ്ടായിരുന്നു പൊലീസ് പൂരം ദിവസത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കമ്മിഷണര്‍ക്ക് വീഴ്ചയുണ്ടായി. വിവിധ ഇടങ്ങളില്‍ പരിചയക്കുറവുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചതും വിവരങ്ങള്‍ കൃത്യമായി ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. റിപ്പോർട്ട് പറയുന്നു.

പൂരം നടന്ന് അഞ്ച് മാസങ്ങൾ കഴിഞ്ഞു. മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് പിന്നാലെയാണ് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്.

തൃശൂര്‍ പൂരം വിവാദത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐയിലെ വി എസ് സുനിൽകുമാർ അടക്കമുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു.

There is no conspiracy in the Thrissur Pooram mess says ADGP Report

More Stories from this section

family-dental
witywide