‘അവർ ഇന്ത്യാക്കാരാണ്, പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്’; കർഷക പ്രതിഷേധത്തിൽ ഇടപെട്ട് ഹൈക്കോടതി

ഛണ്ഡീഗഡ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാരിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ ഇടപെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. കര്‍ഷകസമരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സൗഹാര്‍ദപരമായി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മറ്റുവഴികള്‍ ഇല്ലെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്കെതിരെ ബലം പ്രയോഗിക്കാന്‍ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധ്‌വാലിയ, ജസ്റ്റിസ് ലപിത ബാനര്‍ജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട രണ്ടു ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു പരാമര്‍ശം. കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് ഹരിയാണ സര്‍ക്കാര്‍ തടഞ്ഞതിനെതിരേയും കര്‍ഷകര്‍ ദേശീയ പാത സ്തംഭിപ്പിക്കുന്നത് ജനജീവിതത്തെ ബാധിക്കുന്നുവെന്ന് കാണിച്ചുമുള്ള ഹര്‍ജികളായിരുന്നു കോടതി പരിഗണിച്ചത്.

പ്രശ്നത്തിൽ ഒത്തുതീർപ്പിൽ എത്തുന്നത് വരെ പ്രതിഷേധസ്ഥലങ്ങൾ സംസ്ഥാന സർക്കാറുകൾ നിശ്ചയിക്കണമെന്നും കോടതി നിർദേശമുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാറിനും പഞ്ചാബ്, ഹരിയാന, ഡൽഹി സർക്കാറുകൾക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.

പ്രതിഷേധം നടത്തുന്നവർ ഇന്ത്യക്കാരാണ് അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമുണ്ട്. അതേസമയം, തന്നെ സ്വന്തം പൗരൻമാരെ സംരക്ഷിക്കാനുള്ള കടമ സംസ്ഥാന സർക്കാറിനും ഉണ്ടെന്ന് കോടതി ഓർമിപ്പിച്ചു. പ്രശ്നത്തിൽ തുറന്ന ചർച്ചക്ക് തയാറാണെന്ന് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. തുടർന്ന് ഹരജികൾ ഫെബ്രുവരി 15ന് പരിഗണിക്കാനായി മാറ്റി.

More Stories from this section

family-dental
witywide