തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19നു പുലർച്ചെയാണ് ബിഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്.
കുട്ടി തനിയെ അവിടെ വരെ പോകില്ലെന്നുള്ള നിഗമനത്തിൽ പൊലീസ് അന്വേഷണം തുടരുകയും പ്രതി പിടിയിലാകുകയുമായിരുന്നു. ഡിസിപി നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വൈകുന്നേരം ആറിനു നടത്തുന്ന വാർത്താസമ്മേളനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പുറത്തുവിടുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫെബ്രുവരി 19ന് പുലർച്ചെയാണ് സഹോദരങ്ങൾക്കൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടിയെ കാണാതായത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. വൈകിട്ട് മാധ്യമങ്ങളെ കാണുമ്പോൾ വിശദവിവരം അറിയിക്കാമെന്നാണ് പൊലീസ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് കമ്മീഷണർ നാഗരാജു മാധ്യമങ്ങളെ കാണും.