തിരുവനന്തപുരം: ജയിക്കുമെന്ന പ്രതീതി ഉയര്‍ത്തുയകും അവസാന നിമിഷത്തിനു തൊട്ടുമുമ്പുവരെ ശശി തരൂരിനൊപ്പം പിടിച്ചുനില്‍ക്കുകയും ചെയ്ത് പരാജയത്തിലേക്ക് കൂപ്പുകുത്തിയ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു. മാത്രമല്ല, തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെങ്കിലും പ്രവര്‍ത്തകരും അനുഭാവികളും ഏറെ കഠിനാധ്വാനം ചെയ്യുകയും വളരെ നല്ല രീതിയില്‍ പ്രചാരണം നടത്തുകയും ചെയ്തുവെന്നും അതുകൊണ്ടാണ് തിരുവനന്തപുരത്തെ 3.4 ലക്ഷം ആളുകള്‍ എന്‍.ഡി.എയെ പിന്തുണച്ചതെന്നും അത് തന്നെ ഒരു റെക്കോര്‍ഡാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനവിധി മാനിക്കുന്നതായും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും വിശ്വാസത്തിനും ഓരോരുത്തരോടും നന്ദി പറയുന്നതായും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. തിരുവനന്തപുരത്തെ ജനങ്ങളുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതില്‍ തനിക്കഭിമാനമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. തിരുവനന്തപുരത്തെ മാറ്റുകയെന്നത് തന്റെ ദൗത്യമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വ്യക്തമാക്കിയതിനൊപ്പം ഈ നഗരത്തോടുള്ള തന്റെ പ്രതിബദ്ധത ഇനിയും തുടരുമെന്നും ചൂണ്ടിക്കാട്ടി. ജനസേവനത്തിന് താന്‍ തീര്‍ച്ചയായും ഇവിടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.