മണിക്കൂറുകൾ പിന്നിടുന്നു, മേരി എവിടെ? കേരളം തേടുന്നു, ധരിച്ചിരുന്നത് കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ട്; എഫ്ഐആർ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരി മേരിയെ കാണാതായി മണിക്കൂറുകൾ പിന്നിട്ടിട്ടും കുട്ടി എവിടെയെന്ന സൂചനകളൊന്നും ലഭിക്കുന്നില്ല. കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജമാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. അതിനിടെ മേരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എഫ് ഐ ആറിന്റെ കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നു. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കാണാതായപ്പോൾ കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ടാണ് കുട്ടി ധരിച്ചിരുന്നത് എന്നും എഫ് ഐ ആറിലുണ്ട്. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ 0471- 2743195 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടുവയസുള്ള മകളെ കാണാതായത്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ് മേരി. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടക്കവെ മഞ്ഞ സ്കൂട്ടറിൽ എത്തിയവർ എടുത്തുകൊണ്ടുപോയി എന്നാണ് മാതാപിതാക്കൾ പറയുന്നത്. രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നിരിക്കുന്നത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും മേരിയെക്കുറിച്ച് ശുഭവാര്‍ത്തയൊന്നും പുറത്തുവന്നിട്ടില്ല.

സംഭവത്തില്‍ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. അതിർത്തികളിലടക്കം കനത്ത പരിശോധന നടക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

0471- 2743195
9497 947107
9497960113
9497 980015
9497996988

Thiruvananthapuram two year girl missing case fir details out

More Stories from this section

family-dental
witywide