കോട്ടയം: പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും തഴയപ്പെട്ടെന്ന ചാണ്ടി ഉമ്മന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. ചാണ്ടി ഉമ്മന്‍ അദ്ദേഹത്തിന്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നും അതൃപ്തിക്ക് പിന്നില്‍ എന്തെന്ന് പാര്‍ട്ടി നേതൃത്വം പരിശോധിക്കുമെന്നും അതുകൊണ്ട് ആ വിഷയം അവസാനിക്കുമെന്നുമായിരുന്നു പ്രതികരണം.
ചാണ്ടിയെ പോലുള്ള ഒരാളുടെ മനസ്സിന് വിഷമം ഉണ്ടായെങ്കില്‍ ആ വിഷയം പരിഹരിച്ചു തന്നെ മുന്നോട്ട് പോകുമെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടി പുനഃസംഘടന എന്നാല്‍ പാര്‍ട്ടി പിടിച്ചെടുക്കാന്‍ കിട്ടുന്ന അവസരമായി കാണരുതെന്നും പുനഃസംഘടന എന്നാല്‍ ചേരി തിരിവിനുള്ള അവസരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെച്ചപ്പെട്ട നിലയില്‍ മുന്നോട്ട് പോകുന്ന സംഘടന വിഭജിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ടെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പ്രതികരിച്ചു.