തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. 25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യാവാനെ അറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഉച്ചയക്ക് 2 മണിയ്ക്കാണ് ഭാഗ്യശാലികളെ കണ്ടെത്തുക. ഇന്നലെ വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 7135938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. 946260 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 861000 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.
25 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം അടക്കമുള്ള ആകര്‍ഷകമായ സമ്മാനങ്ങളാണ് ഇത്തവണ കാത്തിരിക്കുന്നത്. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.
തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എം എല്‍ എയും നിര്‍വഹിക്കും.
അതേസമയം, തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ തിരുവോണം ബമ്പര്‍ നറുക്കെടുപ്പും 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന് നടക്കും. ഉച്ചയ്ക്ക് 01.30 -ന് വി കെ പ്രശാന്ത് എം എഎല്‍ എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ മറ്റൊരു സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 04-ന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.