തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ടിജി 434222 എന്ന നമ്പറിന്. 25 കോടി രൂപയാണ് സമ്മാനത്തുക. വയനാട് ജില്ലയിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്.വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിന്റെ അധ്യക്ഷതയില്‍ ഗോര്‍ഖി ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു നറുക്കെടുപ്പ്.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനവും പൂജാ ബമ്പറിന്റെ പ്രകാശനവും നിര്‍വഹിച്ചു. 500 രൂപയായിരുന്നു ഇത്തവണ ടിക്കറ്റ് നിരക്ക്.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനവും തിരുവോണം ബമ്പറില്‍ നിന്നും ലഭിക്കും.
തിരുവോണം ബമ്പറിന്റെ ആദ്യഘട്ടത്തിലെ കുതിപ്പ് കണ്ട് വില്പന റെക്കോഡാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് തെറ്റി. റെക്കോഡ് ആയില്ലെന്നു മാത്രമല്ല, കഴിഞ്ഞ വർഷം വിറ്റതിലേക്ക് പോലുമെത്തിയില്ല. 80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായതിനാൽ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകൾ ലഭ്യമായിരുന്നു.
Thiruvonam Bumper Lottery winner