ബി.ജെ.പിയും ആര്‍.എസ്.എസും മാറ്റാന്‍ ആഗ്രഹിക്കുന്ന ഭരണഘടനയെ സംരക്ഷിക്കാനാണ് ഈ തിരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിയും ആര്‍.എസ്.എസും ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ഭരണഘടന സംരക്ഷിക്കാനാണ് ഈ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ ഒരു തിരഞ്ഞെടുപ്പ്‌ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് രാഹുലിന്റെ വാക്കുകള്‍ എത്തിയത്.

ബി.ജെ.പിയും ആര്‍.എസ്.എസും മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കുകയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്നതെന്നും മധ്യപ്രദേശിലെ ജനങ്ങളുടെ താല്‍പ്പര്യം കണക്കിലെടുത്ത് സംവരണത്തിന്റെ 50 ശതമാനം പരിധി നീക്കം ചെയ്യുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു. മാത്രമല്ല, ജാതി സെന്‍സസ് നടത്തുമെന്നും ഇത് ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് എല്ലാം വെളിപ്പെടുത്തുമെന്നും രാജ്യത്തെ രാഷ്ട്രീയത്തിന്റെ ദിശ മാറ്റുമെന്നും അവകാശപ്പെട്ടു.

ഭരണഘടന മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ബിജെപി 400ലധികം ലോക്സഭാ സീറ്റുകള്‍ നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നും എന്നാല്‍, ബിജെപിക്ക് ഇത്തവണ 150ല്‍ കൂടുതല്‍ സീറ്റ് ലഭിക്കില്ലെന്നും വയനാട് എംപികൂടിയായ രാഹുല്‍ അവകാശപ്പെട്ടു. യുവാക്കള്‍ക്ക് കമ്പനികളില്‍ ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പും അതിനുശേഷം ജോലിയും ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ‘പെഹ്ലി നൗക്രി പക്കി’ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide