
ന്യൂഡല്‍ഹി: ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന് വന്‍ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും മത്സരിക്കുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ ‘മോദി മീഡിയ പോള്‍’ എന്നാണ് വിശേഷിപ്പിച്ചത്. ഇത് എക്സിറ്റ് പോള്‍ അല്ല, ഇത് മോദി മീഡിയ പോള്‍ ആണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് രാഹുല്‍ പ്രതികരിച്ചത്.
എ.ഐ.സി.സി. ആസ്ഥാനത്ത് കോണ്‍ഗ്രസ് ലോക്‌സഭാ സ്ഥാനാര്‍ഥികളുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധിയോട് എക്സിറ്റ് പോള്‍ പ്രവചനങ്ങളെക്കുറിച്ചും ഇന്ത്യന്‍ സഖ്യം എത്ര സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം കരുതുന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ‘നിങ്ങള്‍ സിദ്ദു മൂസെവാലെയുടെ പാട്ട് കേട്ടിട്ടില്ലേ? 295’, എന്നായിരുന്നു ചോദ്യത്തോട് രാഹുലിന്റെ പ്രതികരണം.
മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത് ഇന്ത്യ ബ്ലോക്കിന് 136 സീറ്റുകളും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 379 സീറ്റുകളും ലഭിക്കുമെന്നാണ്. ദക്ഷിണേന്ത്യയില്‍ കാവി പാര്‍ട്ടി കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്നും ബംഗാളിലും ഒഡീഷയിലും വന്‍തോതിലുള്ള മാറ്റം ഉണ്ടാക്കുമെന്നും പ്രവചനങ്ങള്‍ പറയുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിക്കളഞ്ഞിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ‘വ്യാജം’ മാണെന്നും ഇന്ത്യന്‍ സഖ്യം 295 ന് താഴെ പോകില്ലെന്നും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഞായറാഴ്ച പാര്‍ട്ടിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥികളുമായും നിയമസഭാ നേതാക്കളുമായും സംസ്ഥാന യൂണിറ്റ് മേധാവികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ച നടത്തി. വോട്ടെണ്ണല്‍ ദിനത്തിലെ കൃത്രിമത്വ ശ്രമങ്ങള്‍ നേരിടാന്‍ ജാഗ്രത പാലിക്കാനും നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരെ കൂടാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും എംപി ജയറാം രമേശും യോഗത്തില്‍ പങ്കെടുത്തു. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിലേക്കുള്ള ഒരുക്കങ്ങളും മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തി.