വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് ദയനീയ തോല്‍വി സമ്മാനിച്ച് വിജയ പടികള്‍ ഓടിക്കയറിയ ട്രംപാണ് ഇപ്പോള്‍ താരം. ജനുവരിയില്‍ അധികാരം ഏറ്റടുക്കാനിരിക്കുന്ന 79 കാരനായ റിപ്പബ്ലിക്കന്‍ ട്രംപിന്റെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തുന്നവരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി പുറത്തുവന്നത് ലോകം കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ പേരാണ്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്!.
ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് (ട്വിറ്റര്‍) എന്നിവയുടെ മേധാവികൂടിയായ മസ്‌ക് ട്രംപ് ക്യാബിനറ്റിലുണ്ടാകുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ട്രംപ് ഇത് പലകുറി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം വഹിക്കുന്ന പദവി ഏതെന്ന ചോദ്യമായിരുന്നു ബാക്കിയായത്. അതിനുള്ള ഉത്തരവും എത്തി. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (ഡോജ്/DOGE) ചുമതലയായിരിക്കും മസ്‌കിന്. മസ്‌ക് ഒറ്റയ്ക്കല്ല ഈ വകുപ്പ് കൈകാര്യം ചെയ്യുക. ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും കേരളവുമായി ബന്ധവുമുള്ള വിവേക് രാമസ്വാമിയും ഒപ്പമുണ്ടാകും.
മസ്‌കിനൊപ്പം വിവേകും ചേര്‍ന്ന് തന്റെ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും അധികച്ചെലവുകള്‍ നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
— Elon Musk (@elonmusk) November 13, 2024
സര്‍ക്കാരിന്റെ കീഴിലെ ഫെഡറല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കാനും സര്‍ക്കാരിലെ ‘മാലിന്യങ്ങളെയും’ തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരാനും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു. 38കാരനായ വിവേക് തന്റെ കാബിനറ്റിലുണ്ടാകുമെന്ന സൂചന ട്രംപ് നേരത്തേ നല്‍കിയിരുന്നു. പാലക്കാട് വടക്കഞ്ചേരി സ്വദേശി സി.ആര്‍. ഗണപതി അയ്യരുടെയും ഗീത രാമസ്വാമിയയുടെയും മകനാണ് വിവേക്.
ഡോജിന്റെ ഓരോ പ്രവര്‍ത്തനവും ഓണ്‍ലൈനില്‍ ലഭ്യമാക്കി സുതാര്യത ഉറപ്പുവരുത്തുമെന്നും ഡോജ് എന്തെങ്കിലും പ്രത്യേകമായി ചെയ്യേണ്ടതുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ അറിയിക്കണമെന്നും ഇലോണ്‍ മസ്‌ക് എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനുവേണ്ടി സജീവമായി പ്രചാരണ രംഗത്ത് മസ്‌കുണ്ടായിരുന്നു. വിവേക് രാമസ്വാമിയാകട്ടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിനു വേണ്ടി വഴിമാറുകയും ട്രംപിന്റെ ശക്തനായ പിന്തുണക്കാരനുമായി മാറുകയും ചെയ്തിരുന്നു.