ക്രൈസ്തവർ അതിക്രമം നേരിടുന്നു; പൗരത്വ നിയമഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണം: കേന്ദ്രത്തിനെതിരെ ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ

തിരുവനന്തപുരം: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. അന്ധകാര ശക്തികളിൽ നിന്നും മണിപ്പൂരിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ക്ഷുദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ദുഃഖവെള്ളി ദിന സന്ദേശം നൽകിയ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ പറഞ്ഞു.

ഭരണഘടന ഉറപ്പുതരുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കണം. ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും ഇതിനെതിരെ ഒന്നും ഉണ്ടാകുന്നില്ല. പൗരത്വ നിയമഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണമെന്നും തോമസ് ജെ.നെറ്റോ പറഞ്ഞു. അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണം. മതാധിപത്യ സങ്കുചിത മനോഭാവം വളർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നത് കാണണം. ഇക്കാര്യത്തിൽ സഹോദരന്മാർക്ക് ഒപ്പം നിൽക്കാൻ കഴിയണം. സമൂഹത്തിലെ അനീതിക്കെതിരെ ഒന്നിച്ച് നിന്ന് പോരാടാൻ കഴിയണമെന്നും അതിജീവിതത്തിനുള്ള കരുത്താണ് വേണ്ടതെന്നും തോമസ് ജെ നെറ്റോ പറഞ്ഞു.

മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിലും പറഞ്ഞിരുന്നു. ഭരണഘടന ഉറപ്പ് നൽകുന്നത് ഏത് ന്യൂനപക്ഷങ്ങൾക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്. ഭയത്തോട് കൂടി ഏതെങ്കിലും ദുർബലനായ മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണ്. ദുഃഖവെള്ളി സന്ദേശത്തിലാണ് മാർ തോമസ് തറയിലിന്റെ പ്രസം​ഗം.

More Stories from this section

family-dental
witywide