തിരുവനന്തപുരം: എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍സിപി (അജിത് പവാര്‍) ലേക്ക് എത്തിക്കുന്നതിനു 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണം. എന്‍സിപി(ശരത്പാവാർ) നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ. തോമസാണ് ഈ വാഗ്ദാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് എംഎൽഎമാരെ പണംകൊടുത്ത് കൂറുമാറ്റാൻ ശ്രമിച്ചതിനാലാണ് തോമസ്. കെ. തോമസിൻ്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്.
മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എംഎല്‍എയുമായ ആന്റണി രാജുവിനും ആര്‍എസ്പി (ലെനിനിസ്റ്റ്) നേതാവ് കോവൂര്‍ കുഞ്ഞുമോനുമാണ് 50 കോടി വീതം വാഗ്ദാനം ചെയ്തത്. ബി.ജെ.പി. സഖ്യകക്ഷിയായ എന്‍.സി.പി. അജിത് പവാര്‍ വിഭാഗത്തിലേക്ക് ചേരുന്നതിനാണ് ഈ ഓഫര്‍ വച്ചത്.
കോടികള്‍ വാഗ്ദാനം ചെയ്ത വിവരം അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് എംഎല്‍എമാരേയും വിളിപ്പിച്ച് ഇതേക്കുറിച്ച് ആരാഞ്ഞു. ഈ വിവരത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി ഇക്കാര്യം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, ആരോപണം തെറ്റാണെന്നും പൂര്‍ണമായും നിഷേധിക്കുന്നുവെന്നും തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു. എന്നാല്‍, ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്നെ വിളിപ്പിച്ചിരുന്നുവെന്നും ഗുരുതരമായ ചില കാര്യങ്ങള്‍ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ടെന്നും ആന്റണി രാജു വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഇതു നിഷേധിച്ചു. ആന്റണി രാജുവുമായിട്ടോ തോമസ് കെ തോമസുമായിട്ടോ ഇങ്ങനെയൊരു വിഷയം സംസാരിച്ചിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചിരുന്നുവെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞതായും കുഞ്ഞുമോൻ പറഞ്ഞു.
ആരോപണത്തില്‍ രൂക്ഷപ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനപ്രതിനിധികള്‍ക്ക് വില പറഞ്ഞുകൊണ്ട് ലക്ഷങ്ങളും കോടികളും അവര്‍ക്ക് വെച്ചുനീട്ടുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരമാണെന്നാണ് അദ്ദേഹം പറഞ്ഞു.
Thomas K. Thomas offered 100 crores bribery to defect Antony Raju got the offer a