
ന്യൂഡല്‍ഹി: പരുക്കുകളോടെ ചികിത്സയ്‌ക്കെത്തിയ രണ്ടുപേര്‍ ഡോക്ടറെ വെടിവെച്ച് കൊന്നു. ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഏരിയയില്‍ കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിലാണ് സംഭവം. 51 കാരനായ ഡോക്ടര്‍ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്.
രാത്രി ഏറെ വൈകിയാണ് രണ്ട് കൗമാരക്കാര്‍ ആശുപത്രിയില്‍ എത്തിയതെന്ന് നിമ ആശുപത്രിയിലെ ജീവനക്കാര്‍ പറഞ്ഞു. അവരില്‍ ഒരാള്‍ തന്റെ കാല്‍വിരലിന് പരിക്കേറ്റതിനാല്‍ ഡ്രസ്സിംഗ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തലേദിവസം രാത്രി ഇയാള്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡ്രസ്സിംഗ് പൂര്‍ത്തിയാക്കിയ ശേഷം, ഒരു കുറിപ്പടി വേണമെന്ന് പറഞ്ഞ ഇവര്‍ ഡോക്ടര്‍ ജാവേദ് അക്തറിന്റെ ക്യാബിനിലേക്ക് പോയി. പെട്ടെന്ന് വെടിയൊച്ച കേട്ട ആശുപത്രി ജീവനക്കാര്‍ ഡോക്ടറുടെ ക്യാബിനിലേക്ക് ഓടിയെത്തി. വെടിയേറ്റ് തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്ന ഡോക്ടര്‍ തല്‍ക്ഷണം മരിച്ചു. ഡോക്ടറുടെ ക്യാബിനില്‍ കയറിയ ഇരുവരും പൊടുന്നനെ തോക്കെടുത്ത് വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് രണ്ട് മാസം തികയുന്നതിന് മുമ്പാണ് ഡല്‍ഹിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന പുതിയ സംഭവം.
സംഭവത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട രണ്ട് പേരെയും ഇതുവരെ കണ്ടെത്താനായില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.