കടുത്ത ചൂടിലും മനസും ശരീരവും യോഗയില്‍ അര്‍പ്പിച്ച് ടെക്സാസില്‍ ആയിരങ്ങള്‍ ഒത്തുകൂടി

ഹൂസ്റ്റണ്‍: കടുത്ത ചൂടിനെ തോല്‍പ്പിച്ച് പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ യോഗ പരിശീലനത്തിനായി ആയിരക്കണക്കിന് യോഗാസ്വാദകര്‍ ടെക്സാസിലുടനീളം ഒത്തുകൂടി.

തിരക്കേറിയ നഗര ചത്വരങ്ങള്‍ മുതല്‍ ശാന്തമായ നദീയോരങ്ങളും പാര്‍ക്കുകളും വരെ യോഗയ്ക്കായി ആളുകള്‍ അണിനിരക്കുന്ന മനോഹരമായ കാഴ്ചയാണ് ടെക്‌സാസ് സമ്മാനിച്ചത്.

കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (സിജിഐ) ഹ്യൂസ്റ്റണും നിരവധി പങ്കാളി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച ‘യോഗ ഫോര്‍ സെല്‍ഫ് ആന്‍ഡ് സൊസൈറ്റി’ എന്ന പ്രമേയം ക്ഷേമത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഒരു പങ്കുവയ്ക്കലായി മാറുകയായിരുന്നു. സിജിഐ ഹ്യൂസ്റ്റണ്‍ നേതൃത്വം നല്‍കുന്ന ജൂണ്‍ 2-ന് ആരംഭിച്ച് ജൂണ്‍ 29 വരെ നീളുന്ന ആഘോഷങ്ങള്‍, അര്‍ക്കന്‍സാസ്, കൊളറാഡോ, കന്‍സാസ്, ലൂസിയാന, ന്യൂ മെക്സിക്കോ, ഒക്ലഹോമ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ടെക്സസിന് പുറത്തേക്കും നീണ്ടു.