മിയാമി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ ഭീഷണി മുഴക്കിയതിന് ഫ്‌ളോറിഡയില്‍ ഒരാള്‍ അറസ്റ്റിലായി. ജേസണ്‍ പാട്രിക് ആല്‍ഡേയെന്ന 39 കാരനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഫ്‌ളോറിഡയിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിനുള്ള യുഎസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. അല്‍ഡേയെ വിചാരണയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമേരിക്കന്‍ മുന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ വധശ്രമത്തിന് പിന്നാലെയാണിത്. ഫ്‌ലോറിഡയിലെ ക്വിന്‍സിയിലുള്ള ആല്‍ഡേ, ഭീഷണി സന്ദേശമയയ്ക്കുകയും പ്രസിഡന്റ് ജോ ബൈഡനും മറ്റ് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. മാത്രമല്ല, എക്സിലെ പോസ്റ്റുകളിലൂടെയും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ മാസം ഫ്‌ളോറിഡയിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്കിടെ ആല്‍ഡേ ബൈഡനെക്കുറിച്ച് ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയിരുന്നു.
ശനിയാഴ്ച പെന്‍സില്‍വാനിയയിലെ ബട്ലറില്‍ നടന്ന പ്രചാരണ റാലിക്കിടെയാണ് ട്രംപിന് വെടിയേറ്റത്. തോക്കുധാരി വെടിയുതിര്‍ത്തപ്പോള്‍ 78 കാരനായ ട്രംപിന്റെ വലത്തെ ചെവിക്ക് പരുക്കേറ്റിരുന്നു. റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. തോമസ് മാത്യു ക്രൂക്സ് എന്ന 20 കാരനായ തോക്കുധാരിയെ സംഭവസ്ഥലത്തുവെച്ചുതന്നെ സീക്രട്ട് സര്‍വീസ് സ്നൈപ്പര്‍മാര്‍ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു.