മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. 10 ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ ബാബ സിദ്ദിഖിനെപ്പോലെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
മുൻ മന്ത്രിയും എൻസിപി (അജിത് പവാർ) നേതാവുമായ ബാബ സിദ്ദിഖ് ബാന്ദ്രയിൽ വെടിയേറ്റ് മരിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഇത്. നടൻ സൽമാൻ ഖാനെതിരെ വധഭീഷണി നിരന്തരം ഉയരുന്നതിനിടെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെയും ഭീഷണി.
മുംബൈ ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ഇന്നലെ വൈകുന്നേരമാണ് അജ്ഞാത നമ്പറിൽ നിന്ന് സന്ദേശം ലഭിച്ചത്. 10 ദിവസത്തിനകം യോഗി ആദിയനാഥ് രാജിവച്ചില്ലെങ്കിൽ ബാബ സിദ്ദിഖിനെപ്പോലെ കൊല്ലപ്പെടുമെന്നായിരുന്നു സന്ദേശം. മുംബൈ പൊലീസ് സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മുംബൈയിലെ പൊലീസുകാർക്ക് ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും സൽമാൻ ഖാനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഈ വർഷം ആദ്യം നടൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവപ്പിൻ്റെ പശ്ചാത്തലത്തിൽ, ഈ സന്ദേശങ്ങൾ അയച്ചവരെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. അവരിൽ ജംഷഡ്പൂരിൽ നിന്നുള്ള ഒരു പച്ചക്കറി വിൽപ്പനക്കാരനും നോയിഡയിൽ നിന്നുള്ള ടാറ്റൂ കലാകാരനും ഉൾപ്പെടുന്നു. മുംബൈ പൊലീസ് ഇവരെ ട്രാൻസിറ്റ് റിമാൻഡിൽ കൊണ്ടുപോയി ചോദ്യം ചെയ്തുവരികയാണ്.
Threat Message Asks Yogi Adityanath To Resign