ഇന്ത്യ മുന്നണിക്ക് വെല്ലുവിളിയായി ഒവൈസിയുടെ എഐഎംഐഎം പാർട്ടി കൂടുതൽ സംസ്ഥാനങ്ങളിൽ മത്സരിക്കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോർട്ട്.
ബിജെപിയുമായി പ്രത്യക്ഷത്തിൽ കടുത്ത സംഘർഷത്തിൽ നിൽക്കുന്ന എഐഎംഐഎം, അവരുടെ നിലപാടുകളിലൂടെ പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്ന് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. അസാദുദ്ദീന്‍ ഒവൈസിയുടെ ശക്തി കേന്ദ്രമായ തെലങ്കാനയ്ക്കപ്പുറം ബിഹാറിലും, ഉത്തർപ്രദേശിലും (യുപി) മഹാരാഷ്ട്രയിലും മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എഐഎംഐഎം. ഈ സാഹചര്യത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഒവൈസിയിലേക്കു കൂടി ചിതറിപ്പോയേക്കാമെന്ന സാധ്യത ഇന്ത്യ മുന്നണിയുടെ കാണുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങൾ മതേതര ചേരിയോടൊപ്പം നിൽക്കരുത് എന്നും അവരുടെ രക്ഷകർ തങ്ങളാണ് എന്നുമാണ് എഐഎംഐഎം എന്നും പറഞ്ഞിട്ടുള്ളത്. ഇത്തവണ മത്സരിക്കാൻ തിരഞ്ഞെടുത്ത മുംബൈ, മാറാത്തവാഡ എന്നിവിടങ്ങളിൽ മുസ്ലിം ജനസംഖ്യ 12 ശതമാനമാണ്.
2019ൽ ഹിന്ദി ഹൃദയഭൂമിയിൽ ഒരു സീറ്റിൽ മാത്രമേ ഒവൈസിയുടെ പാർട്ടി മത്സരിച്ചിട്ടുള്ളു. അത് ബിഹാറിൽ നിന്നായിരുന്നു. ആ സ്ഥാനത്ത് ഇത്തവണ യുപിയില്‍ ഇരുപതും ബിഹാറിൽ ഏഴും സീറ്റുകളിൽ മത്സരിക്കാനൊരുങ്ങുന്ന ഒവൈസി ‘ഇന്ത്യ’ സഖ്യത്തിന് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. തെലങ്കാനയിൽ സ്വന്തം തട്ടകമായ ഹൈദരാബാദിന് പുറമെ സെക്കന്ദരാബാദും ഇത്തവണ എഐഎംഐഎം നോട്ടമിട്ടിട്ടുണ്ട്.
ബംഗാളിൽ മത്സരത്തിനുണ്ടാകില്ല എന്നാണ് ഒവൈസിയുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ബംഗാളിൽ മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റുപോലും വിജയിക്കാൻ സാധിച്ചിരുന്നില്ല.
Threat to INDIA Alliance as AIMIM plans to expand Lok Sabha poll seats