
ഭോപാല്‍: കുനോ നാഷണല്‍ പാര്‍ക്കില്‍ മൂന്ന് ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ജ്വാല എന്ന് പേരുളള ചീറ്റ. നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റയാണ് ജ്വാല. കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. പുതിയ ചീറ്റ കുഞ്ഞുങ്ങളുടെ ഫോട്ടോ സഹിതമാണ് മന്ത്രിയുടെ പോസ്റ്റ്. രാജ്യത്തുടനീളമുള്ള എല്ലാ വന്യജീവി സംരക്ഷകര്‍ക്കും വന്യജീവി സ്‌നേഹികള്‍ക്കും അഭിനന്ദനങ്ങള്‍. ഭാരതത്തിന്റെ വന്യജീവികള്‍ അഭിവൃദ്ധിപ്പെടട്ടെ എന്നും ഭൂപേന്ദ്ര യാദവ് എക്‌സില്‍ പറഞ്ഞു.
നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ആശ എന്നു പേരുള്ള ചീറ്റയും നേരത്തേ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ജനുവരി മൂന്നിനാണ് മൂന്ന് ചീറ്റ കുഞ്ഞുങ്ങള്‍ കുനോയില്‍ ജനിച്ചത്. മൂന്നാമത്തെ ആഴ്ചയായപ്പോഴേക്കും ജ്വാലയും മൂന്ന് ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. 2022 സെപ്റ്റംബര്‍ 17 ന് ആണ് ആഫ്രിക്കയില നമീബിയയില്‍ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചത്. അന്ന് എട്ട് ചീറ്റകളെയാണ് കുനോയില്‍ എത്തിച്ചത്. അതേസമയം ജനുവരി 16ന് കുനോയില്‍ ശൗര്യ എന്ന ചീറ്റ ചത്തിരുന്നു.