കാലിഫോര്‍ണിയ : താങ്ക്‌സ്ഗിവിംഗ് അവധിക്കിടെ പീഡ്മോണ്ടിലുണ്ടായ അപകടത്തില്‍ ടെസ്ല സൈബര്‍ട്രക്കിനു തീപിടിച്ചു മരിച്ച മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞു. സോറന്‍ ഡിക്സണ്‍, ക്രിസ്റ്റ സുകാഹാര, ജാക്ക് നെല്‍സണ്‍ എന്നീ കോളേജ് വിദ്യാര്‍ത്ഥികളാണ് മരിച്ചതെന്ന് പീഡ്മോണ്ട് പൊലീസ് സ്ഥിരീകരിച്ചു.
സോറന്‍ ഡിക്‌സണ്‍ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു. ക്രിസ്റ്റ സുകാഹാര ആകട്ടെ സവന്ന കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ഡിസൈനില്‍ലും ജാക്ക് നെല്‍സണ്‍ കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയിലും പഠിക്കുന്നവരായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് അപകടമുണ്ടായത്. ടെസ്ല സൈബര്‍ട്രക്ക് ഹാംപ്ടണ്‍ റോഡില്‍ നിന്ന് മരത്തിലും സിമന്റ് ഭിത്തിയിലും ഇടിച്ച് വാഹനത്തിന് തീപിടിച്ചാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ അപകടാവസ്ഥ തരണം ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാഫിക് സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു.