തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ കേരളമാകെ മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും എംവി ഗോവിന്ദൻ അറിയിച്ചു. എകെജി സെൻ്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യെച്ചൂരിയെ അവസാനമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക് തിരിക്കും.
നാളെ വൈകുന്നേരത്തോടെ യെച്ചൂരിയുടെ മൃതദേഹം വസന്തകുഞ്ചിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുമെന്ന് പാർട്ടി അറിയിച്ചു. വെള്ളിയാഴ്ച രാത്രി മുഴുവൻ, കുടുംബാംഗങ്ങൾക്ക് ഒപ്പം അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റിൽ വെക്കും. മറ്റന്നാൾ എകെജി ഭവനിൽ രാവിലെ 11 മണി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പതിനാലാം തീയതി മൂന്നു മണിക്ക് ശേഷം എയിംസിലേക്ക് മൃതദേഹം കൈമാറും.
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ (എയിംസ്) തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന യെച്ചൂരി ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് വിട പറഞ്ഞത്.
മുന്‍ രാജ്യസഭാംഗം കൂടിയായ യെച്ചൂരിയെ കടുത്ത പനിയും ശ്വാസകോശ അണുബാധയെയും തുടര്‍ന്നു ഓഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളായി. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ തുടരുകയായിരുന്നു. ന്യുമോണിയ ബാധിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്.